ലോകവ്യാപകമായി വാനാക്രൈ വൈറസ് ആക്രമണം നടന്നതിനെ തുടര്‍ന്ന് ബിറ്റ്‌കോയിന്‍ ( Bitcoin ) അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, ഏറെക്കാലമായി ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ( Cryptocurrency) ലോക സാമ്പത്തിക രംഗത്ത് പ്രാമുഖ്യം ഏറിവരികയായിരുന്നു. കഴിഞ്ഞ ആഴ്ചലെ പോപ്പുലര്‍ ഗൂഗിള്‍ സെര്‍ച്ചുകളില്‍ മുന്നില്‍ നിന്നത് ബിറ്റ്‌കോയിനായിരുന്നു. ഇത് പുതിയ കാലത്ത് ബിറ്റ്‌കോയിന്‍ അടക്കമുള്ളവയ്ക്ക് ഏറിവരുന്ന പ്രചാരം കൂടി വെളിവാക്കുന്നുണ്ട്.

വാനാക്രൈ ആക്രമണത്തെ തുടര്‍ന്ന് ഹാക്കര്‍മാര്‍ ആക്രമണത്തിനിരയായവരോട് പണം ആവശ്യപ്പെട്ടിരുന്നത് ബിറ്റ്‌കോയിന്‍ രൂപത്തിലായിരുന്നു. വെര്‍ച്വല്‍ മാധ്യമത്തിലുള്ള പണമായതിനാല്‍ ഉറവിടമോ ഉടമസ്ഥരെയോ കണ്ടെത്താനാവില്ല എന്നതാണ് ഹാക്കര്‍മാര്‍ക്ക് ബിറ്റ്‌കോയിന്‍ പ്രിയങ്കരമായതിനു കാരണം.

ലോകത്തെമ്പാടുംതന്നെ കച്ചവട-സാമ്പത്തിക കൈമാറ്റത്തിന് ബിറ്റ്‌കോയിന്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ ബിറ്റ്‌കോയിന്റെ മൂല്യം യഥാര്‍ഥ കറന്‍സിയെ അധികരിക്കുന്ന കാലം വിദൂരമല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഒരു ബിറ്റ്‌കോയിന്റെ മൂല്യം 2281.81 യുഎസ് ഡോളറാണ് (ഏകദേശം ഒന്നര ലക്ഷം രൂപ).

ബിറ്റ്‌കോയിന്‍ മാത്രമല്ല എതേറിയം ( Ethereum ) എന്ന മറ്റൊരു ക്രിപ്‌റ്റോകറന്‍സികൂടി കഴിഞ്ഞ ആഴ്ചത്തെ ഗൂഗിള്‍ സര്‍ച്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. 18-ാമതാണ് എതേറിയത്തിന്റെ സ്ഥാനം. വളരെവേഗം പ്രചാരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രിപ്‌റ്റോകറന്‍സിയാണ് എതേറിയം. ക്രിപ്റ്റോകറന്‍സികളുടെ വിശ്വാസ്യത വര്‍ധിച്ചുവരികയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ലോകത്ത് പലയിടത്തും മുഖ്യധാരാ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇപ്പോള്‍ ഇത്തരം കറന്‍സികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ജപ്പാനിലെ രണ്ടര ലക്ഷത്തോളം കച്ചവട സ്ഥാപനങ്ങളില്‍ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച് നിയമപരമായ ഇടപാടുകള്‍ നടത്താന്‍ ആരംഭിച്ചുകഴിഞ്ഞു. ചില പ്രമുഖ ഓഹരി കമ്പനികളും തങ്ങളുടെ ഇടപാടുകള്‍ ബിറ്റ്‌കോയിനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.