ടിക് ടോക്കുമായുള്ള മൈക്രോസോഫ്റ്റിന്റെ ഇടപാടിനെ 'വിഷം നിറച്ച പാനപാത്രം' എന്ന് വിശേഷിപ്പിച്ച് കമ്പനിയുടെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ടിക് ടോക്കിന്റെ ഭാഗങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കം എളുപ്പമോ ലളിതമോ ആയിരിക്കില്ലെന്ന് വയര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഗേറ്റ്‌സ് വ്യക്തമാക്കുന്നു.

 ''ആ ഇടപാടില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം, എങ്കിലും അതെ, ഇത് ഒരു വിഷം നിറച്ച പാനപാത്രമാണ്.'' സോഷ്യല്‍ മീഡിയ വ്യവസായത്തില്‍ ഒരു വലിയ കളിക്കാരനായിരിക്കുക എന്നത്  ലളിതമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം മൈക്രോസോഫ്റ്റിന് പുതിയ തലത്തിലുള്ള ഉള്ളടക്ക മോഡറേഷനുമായി പൊരുത്തപ്പെടേണ്ടി വരും.

ഫെയ്‌സ്ബുക്കിന് വിപണിയില്‍ കൂടുതല്‍ മത്സരം ഉണ്ടാകുന്നത് ഒരു പക്ഷെ ഒരു നല്ലകാര്യമാണ്. അതിനുള്ള ഒരേ ഒരു എതിരാളിയെ ട്രംപ് കൊന്നൊടുക്കുന്നത് വളരെ വിചിത്രമാണെന്നും അദ്ദേഹം പറയുന്നു. 

ടിക് ടോക്കിന്റെ വില്‍പനയുമായി ബന്ധപ്പെട്ട് എല്ലാവരെയും പോലെ തന്നെ ബില്‍ ഗേറ്റ്‌സും ആശയക്കുഴപ്പത്തിലാണ്. എന്ത് തരം ഇടപാട് നടന്നാലും അതില്‍ നിന്നും ഒരു പങ്ക് യുഎസ് ട്രഷറിയിലേക്ക് വരണമെന്ന ട്രംപിന്റെ നിബന്ധന വിചിത്രമാണെന്ന് അദ്ദേഹം പറയുന്നു. എന്തായാലും മൈക്രോസോഫ്റ്റിന് അതെല്ലാം തരണം ചെയ്യേണ്ടി വരും. 

ടിക് ടോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കമ്പനിയുടെ സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സ് തന്നെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്‍മാറിയിരുന്നു. നിലവില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് അദ്ദേഹം.

Content Highlights: bill gates calls microsoft tiktok deal as poison chalice