വാഷിങ്ടണ്‍: ചൈനീസ് കമ്പനികളായ വാവേ ടെക്‌നോളജീസ് (Huawei Technologies), സെഡ്.ടി.ഇ. കോര്‍പ് (ZTE Corp) എന്നിവയ്‌ക്കെതിരെ നിയമം പാസാക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാഭീഷണി സംശയിക്കുന്ന ഇരു കമ്പനികള്‍ക്കും യു.എസ്. അധികൃതരില്‍നിന്ന് പുതിയ ഉപകരണ ലൈസന്‍സ് നല്‍കുന്നത് വിലക്കുന്നതാണ് പുതിയ നിയമം. 

ചൈനീസ് ടെലികോം കമ്പനികളെയും സാങ്കേതികവിദ്യാ കമ്പനികളെയും ലക്ഷ്യമിട്ടാണ് ഈ പുതിയ 'സെക്യുര്‍ എക്വിപ്‌മെന്റ് ആക്റ്റ്' അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28-ന് യു.എസ്. സെനറ്റ് ഐകകണ്‌ഠേനയാണ് നിയമം പാസാക്കിയത്. ഈ മാസം യു.എസ്. ഹൗസില്‍  നാലിനെതിരെ 420 വോട്ടുകളാണ് ഇതിന് ലഭിച്ചത്. 

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ബൈഡനും തമ്മില്‍ ഒരു വിര്‍ച്വല്‍ സമ്മിറ്റ് നടക്കാനിരിക്കെയാണ് പുതിയ നിയമത്തില്‍ ഒപ്പിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയം. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച. മനുഷ്യാവകാശം, വ്യാപാരബന്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സൈനിക നീക്കങ്ങള്‍ എന്നിവ ചര്‍ച്ചയാവും. 

പുതിയ നിയമം അനുസരിച്ച് രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ പരിശോധിക്കുകയോ അംഗീകാരം നല്‍കുകയോ ചെയ്യേണ്ടതില്ല. 

2018 മുതല്‍ വാവേയുടെ 3000-ല്‍ അധികം അപേക്ഷകള്‍ക്ക് കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നു. വാവേയില്‍നിന്നും സെഡ്ടിഇയില്‍ നിന്നുമുള്ള ഭീഷണി ഉയര്‍ത്തുന്ന ഉപകരണങ്ങള്‍ അമേരിക്കയുടെ നെറ്റ്വര്‍ക്കില്‍ പ്രവേശിക്കുന്നത് പുതിയ നിയമം തടയുമെന്ന് എഫ്‌സിസി കമ്മീഷണര്‍ ബ്രെന്‍ഡന്‍ കാര്‍ പറഞ്ഞു. 

മാര്‍ച്ചില്‍ വാവേ, സെഡ്ടിഇ, ഹൈറ്റെറ കമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പ്, ഹാങ്‌ഷോ ഹൈക്‌വിഷന്‍ ഡിജിറ്റല്‍ ടെക്‌നോളജി, ഹെജിയാങ് ദാഹുവ ടെക്‌നോളജി എന്നീ അഞ്ച് ചൈനീസ് കമ്പനികളെ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

Content Highlights: Biden signs legislation to tighten U.S. restrictions on Huawei, ZTE