രോഗ്യ മേഖലമുതല്‍ വാഹന നിര്‍മാണ മേഖലയെ വരെ ബാധിക്കുന്ന ആഗോള സെമികണ്ടക്ടര്‍ ക്ഷാമം നേരിടുന്നതിനായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടു. 

സെമികണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന നൂതന ബാറ്ററികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉല്‍പ്പന്നങ്ങളുടെ 100 ദിവസത്തെ അവലോകനവും തുടര്‍ന്ന് സമ്പദ് വ്യവസ്ഥയുടെ ആറ് മേഖലകളെക്കുറിച്ച് വിശാലവും ദീര്‍ഘകാലവുമായ അവലോകനം നടത്താനുമാണ് ഉത്തരവ് നിർദേശിക്കുന്നത്. ഇതുവഴി വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. അവ വേഗം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ ഒപ്പിടുന്നതിന് മുമ്പായി നടന്ന പത്രസമ്മളനത്തില്‍ ബൈഡന്‍ പറഞ്ഞു. 

ചിപ്പ് ക്ഷാമത്തിന്റ പ്രത്യാഘാതങ്ങളെ കുറിച്ച് ഉഭയകക്ഷി അംഗങ്ങളും വ്യവസായപ്രമുഖരും നല്‍കിയ  മുന്നറിയിപ്പിന്റെ ഫലമായാണ് നടപടി. ചിപ്പുകള്‍ എന്ന് പൊതുവില്‍ വിളിക്കപ്പെടുന്ന സെമികണ്ടക്ടറുകള്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയിലെല്ലാം ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമാണിതെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കോവിഡ് വ്യാപനമാണ് സെമികണ്ടക്ടര്‍ വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായത്. സെമികണ്ടക്ടര്‍ നിര്‍മാണത്തിന്റെ 12.5 ശതമാനം മാത്രമാണ് യു.എസിലുള്ളത്. ചൈന, തായ്‌വാന്‍ പോലുള്ള രാജ്യങ്ങളിലാണ് ഭൂരിഭാഗം ചിപ്പുകളും നിര്‍മിക്കുന്നത്. ആരോഗ്യ രംഗത്തെ പ്രതിസന്ധി രൂക്ഷമായത് വിദേശ രാജ്യങ്ങളുമായുള്ള വിതരണ ശൃംഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയാക്കി. ഇത് രാജ്യത്തെ വിവിധ വ്യവസായ മേഖലകളെ ബാധിക്കുന്നതാണ്.  

ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, ഫോര്‍ഡ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറിയതും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതിന് പിന്നാലെ വിവിധ വ്യവസായ മേഖലകള്‍ ഒന്നിച്ച പ്രവര്‍ത്തനമാരംഭിച്ചതും ചിപ്പുകള്‍ക്ക് പെട്ടെന്ന് ആവശ്യമേറുന്നതിനിടയാക്കി.

ക്വാല്‍കോം, മീഡിയാടെക്, ഇന്റല്‍, എന്‍വിഡിയ പോലുള്ള കമ്പനികളെല്ലാം തങ്ങള്‍ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തിയിരുന്നു.

Content Highlights: Biden signs executive order to address chip shortage