തൃശ്ശൂര്‍: ''ഹലോ സര്‍, എന്നെയൊന്ന് സഹായിക്കാമോ?''- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട് തന്റെ മൊബൈലില്‍ വന്ന വീഡിയോകോളിലെ അപരിചിത ശബ്ദത്തിന് അപ്പോള്‍ത്തന്നെ മറുപടിനല്‍കി. ''തീര്‍ച്ചയായും, ഞാനെങ്ങനെയാണ് സഹായിക്കേണ്ടത്'. ''സര്‍ സ്‌ക്രീനിലെ ക്യാപ്ച (ഓണ്‍ലൈന്‍ ഇടപാടിലെ സുരക്ഷാകോഡ്) ഒന്നു വായിച്ചുതരാമോ''?.

ലാപ്ടോപ്പിനുനേരെ പിടിച്ചിരുന്ന ആ വ്യക്തിയുടെ മൊബൈല്‍ ക്യാമറയില്‍ സ്‌ക്രീനിന്റെ ഒരുഭാഗംമാത്രമേ കാണാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. മൊബൈല്‍ അല്പം വലത്തേക്ക് തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ ഏതോ അറ്റത്തുള്ള കാഴ്ചയില്ലാത്ത ഒരാളെ സഹായിക്കുകയായിരുന്നു ഡോ. മനോജ്, 'ബി മൈ ഐസ്' എന്ന സ്മാര്‍ട്‌ഫോണ്‍ ആപ്പിലൂടെ.

കാഴ്ചപരിമിതിയുള്ളവരെ മറ്റൊരാള്‍ക്ക് സഹായിക്കാനുള്ള ആപ്ലിക്കേഷനാണ് ബി മൈ ഐസ്. പരസ്പരം പരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്റെ രണ്ടറ്റങ്ങളിലിരുന്ന് സഹായിക്കാം.

ഒന്നരവര്‍ഷംമുമ്പാണ് വോളന്റിയറായി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് ഡോ. മനോജ് പറയുന്നു. ഇതിപ്പോള്‍ എട്ടാമത്തെ കോളാണ്, തിരക്കുമൂലം നാലെണ്ണമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ.

റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാവരകള്‍, കത്തിലെ വിലാസം, പാര്‍ക്കിലെ ഇരിപ്പിടം എന്നിങ്ങനെയുള്ളവ കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു കോളുകള്‍.

ആപ്പിനെക്കുറിച്ച്

കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചയുള്ളവര്‍ക്കും ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. കാഴ്ചയില്ലാത്തവര്‍, സന്നദ്ധസേവകര്‍ എന്നീ രണ്ട് ഓപ്ഷനുകളിലൊന്ന് തിരഞ്ഞടുക്കാം. കാഴ്ചയില്ലാത്ത ആളുടെ ഫോണിലെ ക്യാമറയില്‍ കാണുന്ന ദൃശ്യങ്ങള്‍ എന്താണെന്ന് വിവരിച്ചുകൊടുക്കുകയാണ് കാഴ്ചയുള്ളവര്‍ ചെയ്യേണ്ടത്. ആര്‍ക്കാണ് കോള്‍ പോകുന്നതെന്നോ ആരെയാണ് വിളിക്കുന്നതെന്നോ പരസ്പരം അറിയാന്‍ കഴിയില്ല.

ലോകത്ത് ഇതുവരെ 1.71 ലക്ഷം അന്ധരായവരും 30.36 ലക്ഷം സന്നദ്ധസേവകരും ഈ ആപ്പ് ഉപയോഗിക്കുന്നു. 150-ലധികം രാജ്യങ്ങളിലും 180-ലധികം ഭാഷകളിലും ഈ ആപ്പ് ലഭ്യമാണ്.

ഡെന്‍മാര്‍ക്കിലെ ആശാരിയായ ഹാന്‍സ് ജോര്‍ഗന്‍ വീബെര്‍ഗ് ആണ് ആശയത്തിന് പിന്നില്‍. കാഴ്ചപരിമിതിയുള്ള അദ്ദേഹം അന്ധനായ മറ്റൊരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ കേട്ട ആശയം, 2012-ല്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ അവതരിപ്പിച്ചു. 2015-ല്‍ ഐ.ഒ.എസ്. പതിപ്പും 2017-ല്‍ ആന്‍ഡ്രോയിഡ് പതിപ്പും പുറത്തിറങ്ങി.