
Image: Gettyimages
ഓസ്ട്രേലിയയില്‍ ഗൂഗിളും, ഫെയ്സ്ബുക്കും ഇനി മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും. തങ്ങളുടെ രാജ്യത്തെ മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഗൂഗിളും ഫെയ്സ്ബുക്കും അവരുടെ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന് പ്രതിഫലം നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ് ഓസ്ട്രേലിയ. നിയമത്തിന്റെ കരട് നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കമ്പനികളുമായി ചേര്‍ന്ന് ഒരു ക്രമീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വാര്‍ത്തകളില്‍ നിന്നുള്ള പരസ്യവരുമാനം അതാത് സ്ഥാപനങ്ങളുമായി പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന നിയമനിര്‍മാണം നടത്താന്‍ ഓസ്ട്രേലിയ തീരുമാനിച്ചത്.
വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിലപേശലില്‍ പരസ്യ സാങ്കേതിക വിദ്യയില്‍ കുത്തകയായിരിക്കുന്ന ഗൂഗിളിനും ഫെയ്സ്ബുക്കിനുമുള്ള മേധാവിത്വം ഇല്ലാതാക്കി തുല്യാധികാരം കൊണ്ടുവരാനാണ് ഓസ്ട്രേലിയന്‍ മത്സര കമ്മീഷന്റെ നടപടി.
ഇതുവഴി തങ്ങളുടെ വാര്‍ത്തകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളുമായി വിലപേശുന്നതിനും കമ്പനികളുമായി മികച്ചൊരു ധാരണയില്‍ എത്തുന്നതിനും മാധ്യമസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. ഈ വിഷയത്തിലുള്ള ധാരണകള്‍ ലംഘിച്ചാല്‍ അതില്‍ നിയമ നടപടി നേരിടേണ്ടിവരും.
ഇത് മാത്രവുമല്ല വാര്‍ത്താ വിതരണത്തെ ബാധിക്കും വിധത്തില്‍ ഗൂഗിളും, ഫെയ്സ്ബുക്കും അല്‍ഗൊരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഒരു മാസം മുമ്പ് തന്നെ സ്ഥാപനങ്ങളെ അറിയിക്കണം.
വാര്‍ത്തകള്‍ വായിക്കുകയും ഇതില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ഉപയോക്താക്കളില്‍ നിന്ന് എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് കമ്പനികള്‍ മാധ്യമസ്ഥാപനങ്ങളെ അറിയക്കണമെന്നും കരട് നിര്‍ദേശങ്ങളില്‍ പറയുന്നു.
ഓണ്‍ലൈന്‍ വാര്‍ത്താ വിതരണ രംഗത്ത് ഗൂഗിളിന്റേയും ഫെയ്സ്ബുക്കിന്റെയും കുത്തക മേധാവിത്വം അവസാനിപ്പിക്കുകയും ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് അവരുടെ സൃഷ്ടിക്കുമേല്‍ കൂടുതല്‍ അധികാരം നല്‍കുകയുമാണ് നിയമത്തിലൂടെ ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.
അതേസമയം ഓസ്ട്രേലിയയുടെ ഈ നീക്കത്തില്‍ ഗൂഗിള്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. പുതിയ നിയമം പ്രസാധകര്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും പ്രചോദനം സൃഷ്ടിക്കുമെന്നാണ് കരുതിയിരുന്നതെന്നും അങ്ങനെ സംഭവിക്കാത്തതില്‍ നിരാശരാണെന്നും ഗൂഗിള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഓസ്ട്രേലിയയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ തടസപ്പെടുത്തുമെന്നും ഓസ്ട്രേലിയക്കാര്‍ക്ക് നല്‍കിവരുന്ന സേവനങ്ങളെ അത് ബാധിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
അതേസമയം പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങളുടെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് പഠിച്ചുവരികയാണെന്നാണ് ഫെയ്സ്ബുക്കിന്റെ പ്രതികരണം.
ആഗോളതലത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്താ വിതരണ രംഗത്ത് പുനര്‍വിചിന്തനത്തിന് വഴിവെക്കുന്ന നടപടിയാണ് ഓസ്ട്രേലിയ സ്വീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയെ മാതൃകയാക്കി മറ്റ് രാജ്യങ്ങള്‍ രംഗത്തിറങ്ങിയാല്‍ കമ്പനികള്‍ക്ക് അത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഒപ്പം മാധ്യമസ്ഥാപനങ്ങള്‍ക്ക് അത് വലിയ നേട്ടത്തിനും വഴിവെച്ചേക്കും.
Content Highlights: Australia will force Facebook Google pay for news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..