രണ്ട് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിനെ പിടിച്ചുലച്ച കേംബ്രിജ് അനലറ്റിക്ക വിവാദം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഓസ്‌ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറാണ് ഫെയ്‌സ്ബുക്കിനെതിരെ ഫെഡറല്‍ കോടതിയില്‍ കേസ് നല്‍കിയത്. ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്ലിക്കേഷന് ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഫെയ്‌സ്ബുക്ക് തുടര്‍ച്ചയായി സ്വകാര്യതാ ലംഘനം നടത്തിയെന്നാണ് ആരോപണം. 

311,127 ഓസ്‌ട്രേലിയന്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്ക് നല്‍കിയതിനാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ കേസ് ആരംഭിച്ചിരിക്കുന്നത്. 

ഇതേ വിഷയത്തില്‍ കഴഞ്ഞ രണ്ട് വര്‍ഷക്കാലമായി യൂറോപ്പിലും അമേരിക്കയിലും ഫെയ്‌സ്ബുക്ക് നിയമനടപടി നേരിടുകയാണ്. ഈ കേസിലെ അന്വേഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ജൂലായിലാണ് 500 കോടി ഡോളറിന് അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനുമായി കേസ് ധാരണയിലായത്. 

ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആഞ്ജലീന്‍ ഫാള്‍ക്ക് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പ്ലാറ്റ് ഫോമിന്റെ രൂപകല്‍പന തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കുന്നതില്‍ യുക്തമായ തീരുമാനമെടുക്കാനോ നിയന്ത്രണം കൊണ്ടുവരാനോ സാധിക്കുംവിധമല്ല എന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും അവര്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിരുന്നുവെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. അന്താരാഷ്ട്ര റെഗുലേറ്റര്‍മാരുമായി കൂടിയാലോചിച്ച്, ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ക്ക് ലഭ്യമായ വിവരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും പുതിയ ഭരണ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുന്നതിനും ആളുകളെ അവരുടെ ഡാറ്റ പരിരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നിട്ടുണ്ടെന്നും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

Content Highlights: australia sued facebook over cambridge analytica scandal