കാന്‍ബെറ: ഉള്ളടക്കം പങ്കിടുന്നതിന് ഫെയ്‌സ്ബുക്കും ഗൂഗിളുമടക്കമുള്ള ടെക് ഭീമന്മാര്‍ രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയ പാസാക്കി. വ്യാഴാഴ്ചയാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ബില്ലിന് അനുമതി നല്‍കിയത്. ഇനിമുതല്‍ ഓസ്‌ട്രേലിയയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ടെക് കമ്പനികളില്‍നിന്ന് ലഭിക്കുമെന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബെര്‍ഗ് പറഞ്ഞു. സര്‍ക്കാരും കമ്പനികളും തമ്മിലുള്ള മാസങ്ങള്‍നീണ്ട തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്.

അതേസമയം, പ്രതിഫല വിഷയത്തില്‍ മാധ്യമങ്ങളുമായി കമ്പനികള്‍ ധാരണയിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്. ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗുമായി ഫ്രൈഡെന്‍ബെര്‍ഗ് നടത്തിയ ചര്‍ച്ചയിലെ ധാരണയനുസരിച്ചുള്ള ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്.

ഭേദഗതികള്‍ക്കുപകരമായി ഓസ്‌ട്രേലിയയില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി വാര്‍ത്തകള്‍ പങ്കിടുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫെയ്‌സ്ബുക്ക് ചൊവ്വാഴ്ച പിന്‍വലിച്ചിരുന്നു. അതേസമയം, പുതിയ നിയമം ഇപ്പോള്‍ നടപ്പാക്കാന്‍ തയ്യാറായിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുമായി പ്രതിഫലവിഷയത്തില്‍ ഗൂഗിള്‍ ഇതിനകംതന്നെ ധാരണയിലെത്തിയിട്ടുണ്ട്.

Content Highlights: Australia passes law to make Google, Facebook pay for news