സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള സ്ഥാപങ്ങള്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം ന്യായവും നിര്‍ണായകവുമാണെന്ന് ഓസ്‌ട്രേലിയയിലെ കോംപറ്റീഷന്‍ കമ്മീഷന്റെയും കണ്‍സ്യൂമര്‍ കമ്മീഷന്റേയും (എ.സി.സി.സി.) ചെയര്‍മാനായ റോഡ് സിംസ്. പുതിയ നിയമനിര്‍ദേശങ്ങള്‍ മാധ്യമ വ്യവസായത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹ മാധ്യമ സേവനങ്ങളുടെ ഭാവി നിര്‍ണായകമാക്കുന്ന നിയമ നിര്‍മാണത്തിനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടെങ്കിലും നിയമനിര്‍മാണവുമായി മുന്നോട്ട് പോവാനാണ് അധികൃതരുടെ തീരുമാനം.

സോഷ്യല്‍ മീഡിയയാണ് വാര്‍ത്താ വെബ്‌സൈറ്റുകളുടെ നിലനില്‍പ്പിന് സഹായിക്കുന്നതെന്ന വാദം എ.സി.സി.സി. അംഗീകരിക്കുന്നില്ല. അതിനാല്‍ ഇരു കമ്പനികളും കരാറുകള്‍ വെക്കുമ്പോള്‍ പരസ്പരം ഉപയോക്താക്കളില്‍നിന്ന് ലഭിക്കുന്ന മൂല്യം പരസ്പരം കണക്കിലെടുക്കണം. 

സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ ആളുകള്‍ തീര്‍ച്ചയായും അതാത് മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമായിരുന്നുവെന്ന് സിംസ് പറയുന്നു.

ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും വിപണിയിലെ അതിവേഗമുള്ള വളര്‍ച്ച എ.സി.സി.സി. കാര്യമായി പരിശോധിച്ചുവരികയാണ്. പരസ്യ സാങ്കേതികവിദ്യയും ആപ്പ് സ്റ്റോറുകളും എ.സി.സി.സി. പരിശോധിക്കുന്നുണ്ട്. ആപ്പ് സ്റ്റോറുകളിലെ അമിതവില നിര്‍ണയവും കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട്.

Content Highlights: australia new law  to force Google and Facebook to pay for news