സാമൂഹിക മാധ്യമങ്ങളിലെ പേജുകളില്‍ പങ്കുവെക്കുവെക്കുന്ന വാര്‍ത്താ ലിങ്കുകളുമായി ബന്ധപ്പെട്ട് വരുന്ന മോശം കമന്റുകള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദികളാണെന്ന് ഓസ്ട്രേലിയൻ കോടതി.

മാധ്യമസ്ഥാപനങ്ങള്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന വായനക്കാരില്‍ നിന്നുള്ള അപമാനകരമായ അഭിപ്രായങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഉത്തരവാദികളായിരിക്കുമെന്നാണ്  ഓസ്ട്രേലിയൻ ഹൈക്കോടതിയുടെ വിധി. 

ഡൈലന്‍ വോളര്‍ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. 2016 ല്‍ 17 വയസുകാരനായ ഇയാള്‍ക്ക് തടവ് ശിക്ഷയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ക്ക് കീഴില്‍ ഫെയ്‌സ്ബുക്കില്‍ വന്ന മോശം കമന്റുകള്‍ക്കെതിരെയാണ് ഇയാള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേസ് നല്‍കിയത്. 

2016 ല്‍ തടവ് ശിക്ഷയ്ക്കിടെ ഇയാള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ ഒരു ടിവി റിപ്പോര്‍ട്ടിലൂടെ പുറത്തുവരികയും അത് വലിയ വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ഇയാളെ ഒരു കസേരയില്‍ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങളും പുറത്തുവരികയുണ്ടായി 

വലിയ രീതിയില്‍ മാധ്യമശ്രദ്ധ നേടിയ ഈ സംഭവവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകള്‍ക്ക് കീഴിലാണ് വായനക്കാര്‍ കമന്റുകളിട്ടത്. 

2017 ല്‍ ജയില്‍മോചിതനായ വോള്ളര്‍ തൊട്ടടുത്ത വര്‍ഷം നൈന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സിഡ്‌നി മോണിങ് ഹെറാള്‍ഡിനെതിരെയും ന്യൂസ് കോര്‍പ്പിന്റെ ദി ഓസ്‌ട്രേലിയന്‍, സ്‌കൈ ന്യൂസ് ഓസ്‌ട്രേലിയ തുടങ്ങിയവയ്‌ക്കെതിരെയും മാനനഷ്ടത്തിന് കേസ് നല്‍കി. 

വായനക്കാരുടെ കമന്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന നിലപാടിലായിരുന്നു മാധ്യമസ്ഥാപനങ്ങള്‍. വായനക്കാരുടെ ആരോപണങ്ങളും താല്‍പര്യങ്ങളും അറിയേണ്ടവയാണെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ 2019 ല്‍ ഈ വാദങ്ങള്‍ ന്യൂ സൗത്ത് വെയ്ല്‍സ് സുപ്രീംകോടതി നിഷേധിച്ചു. ഇതിനെതിരെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ നല്‍കിയ അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. 

ഒരു ഫെയ്‌സ്ബുക്ക് പേജ് നിര്‍മിക്കുന്നതിലൂടെയും അതില്‍ ഒരു വാര്‍ത്താ ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെയും ഉപയോക്താക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും അതിനുള്ള സൗകര്യമൊരുക്കുകയും അവ പ്രസിദ്ധീകരിക്കാന്‍ സഹായം നല്‍കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് എന്ന് കോടതി നിരീക്ഷിച്ചു. 

ഇതുവഴി അവര്‍ ആ കമന്റുകളുടെ പ്രസാധകരായി മാറിയെന്നും കോടതി പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കോടതിയുടെ പുതിയ ഉത്തരവ്. 

ഇതോടെ ഹര്‍ജിക്കാരന് ഇവര്‍ക്കെതിരെയുള്ള മാനനഷ്ടക്കേസുമായി മുന്നോട്ട് പോവാന്‍ സാധിക്കും. കേസില്‍ ന്യൂസ് കോര്‍പ്പ് ഓസ്‌ട്രേലിയയും, നൈന്‍ എന്റര്‍ടെയ്ന്‍മെന്റും ഉത്തരം പറയേണ്ടിവരും. 

എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവ് വാര്‍ത്താ പ്രസാധകരെ മാത്രമായിരിക്കില്ല ബാധിക്കുകയെന്നും വലിയ ഫോളോവര്‍ പിന്തുണയുള്ള പേജുകളെയെല്ലാം ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആഗോളതലത്തിലുള്ള മാനനഷ്ടകേസുകളേയും ഓസ്‌ട്രേലിയന്‍ കോടതിയുടെ ഈ തീരുമാനം സ്വാധീനിച്ചേക്കാം. 

Content Highlights: Australia media can be sued for social media comments