അസൂസിന്റെ അടുത്ത ഗെയിമിങ് സ്മാര്‍ട്‌ഫോണ്‍ അസൂസ് റോഗ് ഫോണ്‍ 5 മാര്‍ച്ച് പത്തിന് പുറത്തിറക്കാന്‍ പോവുകയാണ്. പതിവ് പോലെ ഈ പുതിയ ഫോണിനെ കുറിച്ചുള്ള ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്്. ഗീക്ക് ബെഞ്ച് പുറത്തുവിട്ട ആ വിവരങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. 

18 ജിബി റാം ശേഷിയുമായാവും അസൂസ് റോഗ് ഫോണ്‍ 5 എത്തുക എന്നാണ് വിവരം. ഇത് ശരിയാണെങ്കില്‍ ഇതുവരെ പുറത്തിറങ്ങിയ സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും കൂടിതല്‍ റാം ഉള്ളത് ഈ റോഗ് ഫോണ്‍ 5 നാവും. 

16 ജിബി വരെയാണ് നിലവില്‍ ലഭ്യമായ ഏറ്റവും കൂടിയ റാം. അസൂസ് റോഗ് ഫോണ്‍ 3 യില്‍ 16 ജിബി റാം ആണുള്ളത്. 

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസര്‍ ചിപ്പ് ആയിരിക്കും ഫോണിനുണ്ടാവുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഫോണിന് 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും ആന്‍ഡ്രോയിഡ് 11 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗെയിമിങ് ഫോണിന് അനുയോജ്യമായ വിധത്തില്‍ 6000 എംഎഎച്ച് ബാറ്ററി ശേഷിയും ഫോണിനുണ്ടാവും. റോഗ് ഫോണ്‍ 3 യിലും 6000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 65 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. 

മാര്‍ച്ച് 10 വൈകീട്ട് 4.15 നാണ് റോഗ്‌ഫോണ്‍ 5 പുറത്തിറക്കുക. അസൂസിന്റെ വെബ്‌സൈറ്റില്‍ റോഗ് ഫോണ്‍ 5 ന്റെ പ്രത്യേക പേജ് ലൈവ് ആയിട്ടുണ്ട്. എങ്കിലും ഫോണിനെ കുറിച്ചുള്ള സൂചനകളൊന്നും ഈ പേജ് നല്‍കുന്നില്ല.

Content Highlights: Asus Smartphones, Gaming Smartphones, ROG Phone 5 with 18 GB RAM