പതിമൂന്നാം നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന നോത്രദാം കത്തീഡ്രല്‍ കത്തിനശിച്ച കാഴ്ച നടുക്കത്തോടെയാണ് ലോകം കണ്ടത്. തീപ്പിടിത്തത്തില്‍ കത്തീഡ്രലിന്റെ ഒരു ഭാഗം വളരെ ദുര്‍ബലമായിരിക്കുകയാണ്. നശിച്ചുപോയ ഗോപുരഭാഗം പുനര്‍നിര്‍മിക്കുന്നതിന് ആറ് വര്‍ഷത്തേക്ക് കത്തീഡ്രല്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നു.
ഇതിനിടെ നോത്രദാമിന്റെ തകര്‍ന്ന ഗോപുരം പുനര്‍നിര്‍മിക്കാന്‍ അന്താരാഷ്ട്ര ശില്‍പികളുടെ ഒരു മത്സരത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എങ്കിലും ആ പഴമയുടെ ശക്തി നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ലെന്ന വിഷമം എല്ലാവരിലുമുണ്ട്. ആ വിഷമം മാറ്റുകയെന്ന ചുമതല ആ ഗോപുരത്തിന്റെ പുനര്‍നിര്‍മിക്കുന്ന ആള്‍ ആരാണോ അയാള്‍ക്കുണ്ട്.
രാജ്യാന്തര ഏജന്‍സികളും വ്യക്തികളുമടക്കം നിരവധി കോണുകളില്‍ നിന്നും ഗോപുരത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സംഭവാനകള്‍ വരുന്നുണ്ട്. ഇതിനിടെയാണ് അസാസിന്‍ ക്രീഡ് യൂണിറ്റി എന്ന ഗെയിം നോത്രദാം കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിന് സഹായ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അസാസിന്‍ ക്രീഡ് യൂണിറ്റി എന്ന ഗെയിമിനു വേണ്ടി കത്തീഡ്രലിന്റെ ഡിജിറ്റല്‍ പതിപ്പ് സൃഷ്ടിച്ചിരുന്നു. കത്തീഡ്രലിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ ഒപ്പിയെടുത്താണ് ഗെയിമിനുവേണ്ടി ഗ്രാഫിക്‌സ് തയ്യാറാക്കിയത്. കത്തീഡ്രല്‍ മനോഹരമായി പകര്‍ത്തിയിട്ടുണ്ടെന്ന പ്രശംസയും ഈ ഗെയിം നേടിയിട്ടുണ്ട്.
ഗെയിമിന് വേണ്ടി അന്ന് ശേഖരിച്ച കത്തീഡ്രല്‍ നിര്‍മിതിയുടെ വിവരങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ഗെയിമില്‍ സൃഷ്ടിച്ച ഗ്രാഫിക്‌സും പുനര്‍നിര്‍മാണത്തിനായി നല്‍കാം എന്നാണ് ഗെയിം നിര്‍മാതാക്കളായ യുബിസോഫ്റ്റിന്റെ വാഗ്ദാനം. പഴമ നിലനിര്‍ത്താന്‍ ഇങ്ങനെ ഒരു മാതൃക നിലവിലുള്ളത് വലിയ സഹായകമാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.