തേഞ്ഞിപ്പലം: വ്യാജവാര്‍ത്തകളെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തിരിച്ചറിയാനുള്ള കാലിക്കറ്റ് സര്‍വകലാശാലാ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ഗവേഷണ പദ്ധതിക്ക് അംഗീകാരം. യു.കെയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി ഗവേഷകരുമായി സഹകരിച്ച് നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടത്.

കാലിക്കറ്റിലെ കംപ്യൂട്ടര്‍സയന്‍സ് വിഭാഗം മേധാവി ഡോ. വി.എല്‍. ലജീഷ്, ഗവേഷണ വിദ്യാര്‍ഥി കെ. അനൂപ്, ക്വീന്‍സ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് ഡോ. ദീപക് പദ്മനാഭന്‍ എന്നിവരാണ് പദ്ധതിക്ക് പിറകില്‍. ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം ഓഗസ്റ്റില്‍ കൊറിയയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ പ്രബന്ധം വീഡിയോ കോണ്‍ഫറെന്‍സിങ്ങിലൂടെയാകും അവതരിപ്പിക്കുക. ഗവേഷണ വിദ്യാര്‍ഥിയായ അനൂപിന് പ്രബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാറിന്റെ 2019-ലെ അവസര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

വ്യാജനെ തിരിച്ചറിയുന്നത് അതിവൈകരികത അളന്ന്

സമൂഹമാധ്യമങ്ങളിലും പരമ്പരാത മാധ്യമങ്ങളിലും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലെ വൈകാരികമായ സവിശേഷത കണ്ടെത്താന്‍ മെച്ചപ്പെട്ട സാങ്കേതിക രീതി നിര്‍മിക്കാനാകുമോ എന്നതായിരുന്നു ഇവരുടെ പരിഗണന. വ്യാജവാര്‍ത്തകളുടെ ഉള്ളടക്കം പൊതുവെ മറ്റു വാര്‍ത്തകളെ അപേക്ഷിച്ച് മനോവികാരങ്ങളെ ആകര്‍ഷിക്കത്തക്കതും ഇത് അവയുടെ രൂപകല്പനയില്‍ പ്രകടവുമാണ്. കോവിഡ്-19 രോഗശമനത്തിനുള്ള മാന്ത്രിക ചികിത്സാ വിദ്യകളും ഒറ്റമൂലികളും സംബന്ധിച്ച വാര്‍ത്തകളാണ് ഇതിനായി ഉദാഹരിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള വ്യാപകമായ ഭയം മുതലെടുത്ത് തെറ്റായ വിശ്വാസവും പ്രത്യാശയും നല്‍കാന്‍ ഇവ കാരണമാകുന്നതായി ഇവര്‍ പറയുന്നു.

researchers
വി.എല്‍. ലജീഷ്, ഡോ. ദീപക് പദ്മനാഭന്‍, കെ. അനൂപ്

വാര്‍ത്താ ലേഖനത്തിലെ മനോവികാരങ്ങളെ പ്രതിനിധീകരിക്കുന്ന വാക്കുകള്‍ തിരിച്ചറിയുകയും അവയ്‌ക്കൊപ്പം ഒരു ഇമോഷന്‍ ലേബല്‍ ചേര്‍ക്കുകയും ചെയ്യുന്ന വളരെ ലളിതമായ ഒരു സംവിധാനമാണ് ഇവര്‍ മുന്നോട്ടുവെച്ചത്. വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് ' ആംപ്ലിഫൈഡ് ഇമോഷന്‍ പ്രൊഫൈലുകള്‍ക്ക് ' കഴിയുമെന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചതായി ഗവേഷണ സംഘം വ്യക്തമാക്കുന്നു. ഈ ഗവേഷണഫലങ്ങള്‍ വിവിധ തരത്തിലുള്ള വ്യാജവാര്‍ത്താ കണ്ടെത്തല്‍ അല്‍ഗോരിതമുകളെയും സഹായിക്കും. വ്യാജവാര്‍ത്താ കണ്ടെത്തല്‍ യന്ത്രവത്കരിക്കുന്നതിന് ഇമോഷന്‍ പ്രൊഫൈലുകളെ അര്‍ഥപൂര്‍ണമായി ഉപയോഗിക്കുന്ന ആദ്യ മാര്‍ഗമാണിതെന്ന് ഡോ. വി.എല്‍. ലജീഷ് പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം

കാലിക്കറ്റ് സര്‍വകലാശാല കംപ്യൂട്ടര്‍ സയന്‍സ് പഠന വിഭാഗം ഇപ്പോള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഫേക്ക് ന്യൂസ് സാമ്പിളുകള്‍ പൊതുജനങ്ങളില്‍നിന്നു ശേഖരിക്കാനായി ഒരു വെബ്‌പോര്‍ട്ടല്‍ https://dcs.uoc.ac.in/cida/break-the-fake ഒരുക്കിയിരിക്കുകയാണ്. ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ ഈ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സഹായകരമാവും. ആരോഗ്യമേഖലക്ക് പിറകെ രാഷ്ട്രീയത്തിലെയും മറ്റുവിഷയങ്ങളിലെയും വാര്‍ത്തകളും വിശകലനം ചെയ്യും. വാര്‍ത്തകളുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനുള്ള സംവിധാനമായി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കുയാണ് ലക്ഷ്യമെന്ന് ഡോ. ലജീഷ് പറഞ്ഞു.

Content Highlights: Artificial intelligence, fake news, calicut university computer science