ഗോർണോ-കാരാബാഖ് പ്രദേശത്തിന് വേണ്ടി അസർബായ്ജാനുമായുണ്ടായ സംഘർഷത്തിൽ അർമേനിയയ്ക്ക് തിരിച്ചടിയുണ്ടായത് ഇന്ത്യയുടെ മോശം മിലിറ്ററി സോഫ്റ്റ് വെയർ ആണെന്ന് പ്രചരിപ്പിച്ച് പാകിസ്താനും ചൈനയും. ഇന്ത്യൻ നിർമിത സ്വാതി റഡാറുകളുടെ പ്രകടനം മോശമാണെന്നും ഇത് യുദ്ധത്തിൽ അർമേനിയയെ പരാജയപ്പെടുത്തിയെന്നും വിവിധ പാക്, ചൈന അനുകൂല സോഷ്യൽ മീഡിയാ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ പറയുന്നു.

പരാജയത്തിൽ അർമേനിയ ഇന്ത്യയെ പഴിക്കുകയാണെന്നാണ് പാകിസ്താൻ ഡിഫൻസ് പോലുള്ള ട്വിറ്റർ പേജുകളിലെ പോസ്റ്റുകൾ പറയുന്നത്. മോശം സ്വാതി വെപ്പൺ ലൊക്കേറ്റിങ് റഡാർ നൽകിയതിന് അർമേനിയ ഇന്ത്യയോട് പണം തിരികെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് വലിയ നാണക്കേടാണെന്നും ചില പോസ്റ്റുകൾ പറയുന്നു.

എന്നാൽ അർമേനിയൻ ഭരണകൂടം സ്വാതി റഡാറുകളെ ഉദ്ധരിച്ച് അങ്ങനെ ഒരു വിമർശനം നടത്തിയിട്ടില്ലെന്നാണ് യുറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷമാണ് റഡാറുകൾക്കായുള്ള കരാർ ഒപ്പിട്ടത്. നശിപ്പിക്കപ്പെട്ട അർമേനിയൻ ആയുധങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിർമിത സൈനിക ഉപകരണങ്ങൾ ഒന്നും ഉപയോഗിച്ചതായി കാണുന്നില്ലെന്നും യുറേഷ്യൻ ടൈംസ് പറയുന്നു.

ഈ വർഷം മാർച്ചിലാണ് ഇന്ത്യ നിർമിച്ച സ്വാതി റഡാറുകൾക്ക് വേണ്ടിയുള്ള നാല് കോടി ഡോളറിന്റെ കരാർ ലഭിച്ചത്. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നിർമിച്ച സ്വാതി വെപ്പൺ ലൊക്കേറ്റിങ് റഡാറിന് ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും പീരങ്കി ഓപ്പറേറ്റർക്ക് വിവരങ്ങൾ കൈമാറാനും സാധിക്കും.

കരാർ അടിസ്ഥാനത്തിൽ നാല് സ്വാതി റഡാറുകളാണ് അർമേനിയ്ക്ക് നൽകുക. കരാർ ഉണ്ടാക്കിയിട്ട് അഞ്ച് മാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനുള്ളിൽ ഒരു യൂണിറ്റ് മാത്രമാണ് അർമേനിയയ്ക്ക് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവ ഇനിയും അയച്ചിട്ടില്ല. അതിന് മുമ്പ് പ്രാദേശികമായി പരീക്ഷണങ്ങൾ നടത്തുകയും അർമേനിയൻ സൈനികർക്ക് പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ കൈമാറിയ ഏക സ്വാതി റഡാർ സംവിധാനമാണ് അർമേനിയയെ പരാജയപ്പെടുത്തിയത് എന്ന പ്രചാരണത്തില്‍ കഴമ്പില്ല.

അസർബായ്ജാന്റെ ഡ്രോണുകളാണ് അർമേനിയൻ സൈനിക നീക്കത്തെ തകർത്തതെന്ന് യൂറേഷ്യൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. അത്യാധുനിക ഡ്രോണുകൾ അർമേനിയുടെ വ്യോമാക്രമണ സംവിധാനങ്ങളെയെല്ലാം തകർത്തുകളഞ്ഞു. അങ്ങനെ ഒരു അന്തരീക്ഷത്തിൽ സ്വാതി പോലുള്ള റഡാറുകൾക്കും അതിജീവിക്കാൻ പ്രയാസമാണ്. മാത്രവുമല്ല ആകാശത്ത് നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്തവയല്ല സ്വാതി റഡാറുകൾ. 50 കിലോമീറ്റർ ചുറ്റളവിലുള്ള മോർട്ടാറുകൾ, ഷെല്ലുകൾ, റോക്കറ്റുകൾ പോലുള്ള ശത്രുക്കളുടെ ആയുധങ്ങൾ കണ്ടെത്താനാണ് സ്വാതി റഡാറിന് സാധിക്കുക.

മാത്രവുമല്ല ആധുനികകാലത്തെ യുദ്ധങ്ങളിൽ സ്വാതി റഡാർ പോലുള്ള ഉപകരണങ്ങളുടെ പങ്ക് വളരെ ചെറുതാണ്. നെറ്റ് വർക്ക് കേന്ദ്രീകൃതവും, വ്യോമമാർഗവുമുള്ള പോരാട്ടങ്ങളിൽ അവയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കില്ല.

പാകിസ്താനുമായുള്ള നിയന്ത്രണ രേഖയിൽ ഇന്ത്യയ്ക്ക് ഏറെ ഉപകാരപ്രദമാണ് സ്വാതി റഡാറുകൾ. ലഡാക്കിലും ഇത് വിന്യസിച്ചിട്ടുണ്ട്. വെടിനിർത്തൽ ലംഘനങ്ങൾ കുറയ്ക്കാൻ ഇതിന് സാധിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ശത്രുക്കളുടെ പീരങ്കികൾ എവിടെയാണെന്ന് കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇത് സഹായിക്കും.

Content Highlights:Armenia Blames india over poor swathi radars for its loss to azerbaijan says pak chines social media