ക്ഷിണ കൊറിയൻ ടെക്ക് ഭീമനായ സാംസങ്, ആപ്പിളിന്റെ കരാർ നിർമാണ പങ്കാളികളായ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ, ഇന്ത്യൻ സ്മാർട്ട്ഫോൺ വിൽപ്പനക്കാരായ മൈക്രോമാക്സ്, ലാവ തുടങ്ങിയവർ പ്രാദേശിക സ്മാർട്ട്ഫോൺ നിർമ്മാണം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.

പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം എന്ന് വിളിക്കുന്ന ഈ പദ്ധതി അഞ്ച് വർഷത്തിനിടയിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ അധിക വിൽപ്പനയ്ക്ക് 6% സാമ്പത്തിക പ്രോത്സാഹനം ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾ കമ്പനികൾക്ക് നൽകും, 2019-2020 അടിസ്ഥാന വർഷമായി സജ്ജമാക്കുമെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

22 കമ്പനികൾ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ട്.അതിൽ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണവും ഉൾപ്പെടുന്നു.കൂടാതെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളുടെ 60% ഇന്ത്യയ്ക്ക് പുറത്ത് കയറ്റുമതി ചെയ്യാൻ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തെ കാലയളവിൽ 15300 കോടി ഡോളർ വിലമതിക്കുന്ന സ്മാർട്ട്ഫോണുകളും ഘടകങ്ങളും ഉത്‌പാദിപ്പിക്കാനാകുമെന്ന് കമ്പനികൾ കണക്കാക്കുന്നു.

ഇന്ത്യയെ ഉയർന്ന നിലവാരമുള്ള സ്മാർട്ട്ഫോണുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും രാജ്യത്തെ സ്വാശ്രയത്വം വർധിപ്പിക്കുന്നിതിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമത്തെ പിന്തുണയ്ക്കുന്നതിനുമാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

അപേക്ഷയുടെ ഭാഗമായി ഏകദേശം 12 ലക്ഷം ഇന്ത്യക്കാർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ നൽകാനും കമ്പനികൾ സമ്മതിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആഗോള സ്മാർട്ട്ഫോൺ വിൽപ്പന വരുമാനത്തിന്റെ 50% ത്തിലധികം വരുന്ന രണ്ട് കമ്പനികളായ സാംസങ്ങിന്റെയും ആപ്പിളിന്റെയും താൽപ്പര്യം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയിൽ അവർ കാണുന്ന അവസരങ്ങളുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു. ആകർഷകമായ നയങ്ങളുമായി ആപ്പിളിനേയും സാംസങ്ങിനേയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്ത് നിങ്ങളുടെ സാന്നിധ്യം വിപുലീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ, വിവോ, വൺപ്ലസ്, റിയൽമി എന്നിവർ ഇൻസന്റീവിന് അപേക്ഷിച്ചിട്ടില്ല. എന്നാൽ ഈ പദ്ധതിയുടെ ഭാഗമാവുന്നതിൽ നിന്നും ചൈനീസ് കമ്പനികളെ സർക്കാർ തടഞ്ഞിരുന്നില്ല. ഇന്ത്യൻ ഹാന്‍ഡ് സെറ്റ് വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ സാന്നിധ്യം 80 ശതമാനമാണ്. ഏപ്രിലിൽ ആരംഭിച്ച ഇൻസന്റീവ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ വെള്ളിയാഴ്ച അവസാനിച്ചു.

Content Highlights:Apples partners and Samsung apply for Indias local smartphone production program