അമേരിക്കയിലെ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറേജിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പരിശോധിക്കാനൊരുങ്ങി ആപ്പിള്‍. ചിത്രങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യും വിധത്തിലുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയാണ് കമ്പനിയുടെ ഉദ്ദേശം. ഇതിലൂടെ ചൂഷകരില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയും അത്തരം ഉള്ളടക്കങ്ങളുടെ വ്യാപനം തടയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ആപ്പിള്‍ പറയുന്നു. 

ബാല സുരക്ഷാ സംഘടനകള്‍ നല്‍കുന്ന ബാല ചൂഷണവുമായി ബന്ധപ്പെട്ട സാമ്പിള്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ആപ്പിളിന്റെ ഐക്ലൗഡില്‍ ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഐഫോണ്‍ ഐപാഡ് ഓഎസുകളില്‍ ഇതിനുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. 

അതേസമയം ഈ നീക്കം വലിയ സ്വകാര്യതാ ലംഘനങ്ങളിലേക്ക് നയിക്കുമെന്ന ആരോപണം ഉയരുന്നുണ്ട്. ഈ സാങ്കേതിക വിദ്യ ഉപഭോക്താക്കളുടെ സ്‌റ്റോറേജിലേക്ക് ഒരു പിന്‍വാതില്‍ പ്രവേശനം സാധ്യമാക്കുമെന്ന് ഡിജിറ്റല്‍ അവകാശ സംഘടനങ്ങള്‍ ആരോപിക്കുന്നു. 

എന്നാല്‍ ചിത്രങ്ങളിലേക്ക് തങ്ങള്‍ക്ക് നേരിട്ട് പ്രവേശനം ലഭ്യമാവില്ലെന്നാണ് ആപ്പിള്‍ പറയുന്നത്. ക്രിപ്‌റ്റോഗ്രഫിക് സാങ്കേതിക വിദ്യയിലൂടെയാണ് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുകയെന്നും കുട്ടികളെ ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ പരിശോധനയുടെ ഫലം വെളിപ്പെടുത്തില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. അത്തരം ചിത്രങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരം പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്റ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്ന സംഘടനയെ അറിയിക്കും. 

സമാനമായ മറ്റ് ഫീച്ചറുകളും ആപ്പിള്‍ ഉപകരണങ്ങളില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ആപ്പിളിന്റെ മെസേജിങ് ആപ്ലിക്കേഷനായ മെസേജസ് വഴി അശ്ലീല ചിത്രങ്ങള്‍ കുട്ടികളിലേക്ക് എത്താതിരിക്കാനുള്ള സംവിധാനം അതിലൊന്നാണ്. ഫോണില്‍ വരുന്ന അശ്ലീല ചിത്രങ്ങള്‍ മറച്ചുവെച്ച് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കും. എന്നിട്ടും കുട്ടികള്‍ ആ ചിത്രം കാണാന്‍ ശ്രമിച്ചാല്‍ ആ വിവരം മാതാപിതാക്കളെ അറിയിക്കും. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ഇത് സാധ്യമാക്കുക.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള കുറ്റകരമായ ഉള്ളടക്കങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പലതവണ കമ്പനികള്‍ നിയമക്കുരുക്കിലായിട്ടുണ്ട്. ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇത്തരം ഉള്ളടക്കങ്ങളെ തടയാനുള്ള കഠിന പ്രയത്‌നത്തിലാണ്.

Content Highlights: Apple update will check iPhones for images of child sexual abuse