ബെയ്ജിങ്: ചൈനയില്‍ ഏറ്റവും ജനപ്രിയമായ ഖുർആൻ ആപ്പുകളിലൊന്നായ ഖുർആൻ മജീദ് ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. 

ആഗോളതലത്തില്‍ ആപ്പ്‌സ്റ്റോറില്‍ ലഭ്യമായിരുന്ന ആപ്ലിക്കേഷനാണ് ഖുർആൻ മജീദ്. ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഒന്നരലക്ഷത്തിലേറെ റിവ്യൂ ഉള്ള ആപ്ലിക്കേഷനാണിത്. 

നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതു കൊണ്ടാണ് ആപ്പ് നീക്കം ചെയ്തതെന്ന്‌  ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ചൈനീസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. 

ആഗോളതലത്തില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് എന്ന വെബ്‌സൈറ്റാണ് ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 

Quran Majeedചൈനീസ് അധികൃതരില്‍ നിന്ന് അനുമതികള്‍ ആവശ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് തങ്ങളുടെ ഖുർആൻ മജീദ് ആപ്പ് ആപ്പ്‌സ്റ്റോറില്‍ നീക്കം ചെയ്തത് എന്നാണ് ആപ്പിള്‍ പറയുന്നതെന്ന് നിര്‍മാതാക്കളായ പി.ഡി.എം.എസ്. അറിയിച്ചു. 

പ്രശ്‌നം പരിഹരിക്കാന്‍ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ചനടത്താനുള്ള ശ്രമത്തിലാണെന്നും കമ്പനി പറഞ്ഞു. പത്ത് ലക്ഷത്തിനടുത്ത് ഉപഭോക്താക്കളാണ് ആപ്പിന് ചൈനയിലുണ്ടായിരുന്നത്. 

ചൈനയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മതമാണ് ഇസ്ലാം. അതേസമയം, ഷിന്‍ജിയാങിലെ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്ക് നേരയുള്ള അതിക്രമങ്ങളുടെ പേരില്‍ ഭരണകൂടം പ്രതിക്കൂട്ടിലാണ്. വംശഹത്യയും ആരോപിക്കപ്പെടുന്നുണ്ട്.