സാംസങിനെ പിന്നിലാക്കി 2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറി ആപ്പിള്‍. 2016-ന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നില്ല. 

പോയ വര്‍ഷത്തെ നാലാം പാദത്തില്‍ എട്ട് കോടി പുതിയ ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. 5ജി സൗകര്യത്തോടുകൂടിയ ഐഫോണ്‍ പരമ്പര പുറത്തിറക്കിയതാണ് വില്‍പന വര്‍ധിക്കുന്നതിനിടയാക്കിയത്. 

5ജിയും മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകളും നിലവിലുള്ള ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ 12-ലേക്ക് മാറാന്‍ പ്രചോദനമായി എന്ന് ഗാര്‍ട്ട്‌നര്‍ എന്ന വിശകലന സ്ഥാപനത്തിലെ സീനിയര്‍ റിസര്‍ച്ച് ഡയറക്ടറായ അന്‍ഷുല്‍ ഗുപ്ത പറഞ്ഞു. 

2019-ലെ ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കോടിയിലധികം ഐഫോണുകള്‍ കമ്പനി വിറ്റിട്ടുണ്ട്. ഇതുവഴി ആപ്പിളിന്റെ ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണി വിഹിതം 15 ശതമാനമായി വര്‍ധിച്ചു. 

സാംസങ് ആണ് ആപ്പിളിന് തൊട്ടുപിന്നിലുള്ളത്. സാംസങിന്റെ വിപണി വിഹിതത്തില്‍ 11.8 ശതമാനം ഇടിവുണ്ടായെന്നും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 80 ലക്ഷം സ്മാര്‍ടഫോണുകളുടെ കുറവുണ്ടായെന്നും മാക്ക് റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുന്‍വര്‍ഷത്തെ നേട്ടത്തിന് തുടര്‍ച്ചയെന്നോണം 2021-ലെ ആദ്യപാദത്തില്‍ തന്നെ ഇതുവരെ കാണാത്ത വര്‍ധനവാണ് ഐഫോണ്‍ വില്‍പനയിലുണ്ടായത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഐഫോണില്‍നിന്ന് മാത്രമായി 6500 കോടി ഡോളറിന്റെ വരുമാനം കമ്പനിയ്ക്ക് ലഭിച്ചു. 

ആഗോളതലത്തില്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 12.5 ശതമാനത്തിന്റെ ഇടിവുണ്ടായെങ്കിലും നേട്ടമുണ്ടാക്കാനായ രണ്ട് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ് ആപ്പിളും ഷാവോമിയും. ഐഫോണ്‍ 12 പരമ്പര അവതരിപ്പിച്ചതാണ് ആപ്പിളിന് നേട്ടമായത്. 

ഐഫോണിന്റെ മുന്‍നിര വിപണികളില്‍ പലതിലും ഇതിനോടകം 5ജി നെറ്റ്വര്‍ക്ക് വിന്യാസം ആരംഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഐഫോണ്‍ ഉപയോക്താക്കള്‍ വ്യാപകമായി 5ജിയിലേക്ക് മാറാന്‍ തുടങ്ങിയത്. ഇത് കമ്പനിയ്ക്ക് വലിയ നേട്ടമായി മാറി. 

Content Highlights: Apple Surpassed Samsung as World's Largest Smartphone Maker in Fourth Quarter