കാലിഫോര്‍ണിയ: ആഗോളതലത്തില്‍ ചിപ്പ് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഐഫോണ്‍ ഉത്പാദനം നിയന്ത്രിക്കാനൊരുങ്ങി ആപ്പിള്‍. ഈ വര്‍ഷം നിര്‍മിക്കാനുദ്ദേശിച്ച ഐഫോണ്‍ 13 മോഡലുകളുടെ എണ്ണം കുറയ്ക്കും. 

ഒമ്പത് കോടി പുതിയ ഐഫോണ്‍ മോഡലുകള്‍ ഈ വര്‍ഷം നിര്‍മിക്കാമെന്നായിരുന്നു ആപ്പിളിന്റെ പ്രതീക്ഷ. എന്നാല്‍ ബ്രോഡ്‌കോം ഐഎന്‍സി, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് തുടങ്ങിയ കമ്പനികള്‍ അനുബന്ധ വസ്തുക്കള്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്നാണ് ആപ്പിള്‍ നിര്‍മാണ പങ്കാളികളെ അറിയിച്ചിരിക്കുന്നത്. 

BUY: 64 ജിബി ഐഫോൺ 11 വാങ്ങാം ആമസോണിൽ

ഇതിനോടകം തന്നെ ആപ്പിളിന്റെ പുതിയ ഫോണുകളുടെ വിതരണ ശൃംഖലയെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണുകള്‍ സെപ്റ്റംബറില്‍ തന്നെ വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെങ്കിലും ഒരുമാസമായി ആപ്പിള്‍ വെബ്‌സൈറ്റില്‍ നിന്നുമുള്ള ഓര്‍ഡറുകളുടെ വിതരണം നടന്നിട്ടില്ല. കമ്പനിയുടെ പല റീടെയില്‍ സ്റ്റോറുകളിലും പുതിയ ഫോണുകള്‍ നിലവില്‍ ലഭ്യമല്ല എന്ന അറിയിപ്പാണ് കാണിക്കുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചിപ്പ് പ്രതിസന്ധി രൂക്ഷമായത്. കാര്‍ നിര്‍മാണ വ്യവസായം ഉള്‍പ്പടെ സെമികണ്ടക്ടര്‍ ചിപ്പുകള്‍ ആവശ്യമായി വരുന്ന സകലമേഖലകളും നേരത്തെ തന്നെ ഇതിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പല മുന്‍നിര കമ്പനികളും കാര്‍ നിര്‍മാണം വെട്ടിക്കുറച്ചിരുന്നു.

BUY: ആപ്പിൾ ഐഫോൺ XR (64 ജിബി) വാങ്ങാം ആമസോണിൽ

നേരത്തെ തന്നെ അനുബന്ധ ഉപകരണങ്ങള്‍ സംഭരിച്ചുവെച്ചതുകൊണ്ടാണ് ഇത്രയും നാള്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയ്ക്ക് പിടിച്ചുനില്‍ക്കാനായതെന്നാണ് വിവരം. സംഭരണത്തിലിരുന്നവ തീര്‍ന്നുതുടങ്ങിയതും സ്‌റ്റോക്ക് എത്താതിരിക്കുന്നതും സ്മാര്‍ട്‌ഫോണ്‍ കമ്പനികളെയും ബുദ്ധിമുട്ടിലാക്കിത്തുടങ്ങിയിരിക്കുകയാണ്. അടുത്ത ഒരു വര്‍ഷം കൂടി ഈ പ്രതിസന്ധി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ഈ പ്രതിസന്ധിയില്‍ മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളേക്കാള്‍ താരതമ്യേന പിടിച്ചുനില്‍ക്കാന്‍ സാധിക്കുക ആപ്പിളിന് മാത്രമായിരിക്കുമെന്നും പറയപ്പെടുന്നു.