ആപ്പിള്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വണ്‍ സര്‍വീസ്, പുതിയ ഐപാഡ് എയര്‍ ഉള്‍പ്പടെ ഒരു കൂട്ടം പുതിയ ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക അവതരണ പരിപാടിയില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ഐഫോണ്‍ 12 മാത്രം കമ്പനി പുറത്തിറക്കിയില്ല. സെപ്റ്റംബര്‍ 15ലെ ആപ്പിളിന്റെ പ്രഖ്യാപനങ്ങളാണ് താഴെ.
ആപ്പിള്‍ വാച്ച് സീരീസ് 6
കഴിഞ്ഞ ദിവസം ആപ്പിള്‍ അവതരിപ്പിച്ച പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ആപ്പിള്‍ വാച്ച് സീരീസ് 6. സീരീസ് 4 ന്റേയും സീരീസ് 5ന്റേയും അതേ രൂപകല്‍പനയില്‍ തന്നെ പുറത്തിറക്കിയിരിക്കുന്ന വാച്ചിലെ ഫീച്ചറുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
അതിലൊന്നാണ് രക്തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താന്‍ സാധിക്കുന്ന ഓക്‌സിമീറ്റര്‍ സെന്‍സര്‍. വെറും 15 സെക്കന്‍ഡില്‍ ഇത് പരിശോധിക്കാന്‍ സാധിക്കും. ഇത് കൂടാതെ വേഗതകൂടിയ എസ്6 ചിപ്പ് ആണ് വാച്ചിലുള്ളത്. ഇത് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ആള്‍ടിമീറ്റര്‍സെന്‍സര്‍ ഉള്‍പ്പടെ പുതിയ സെന്‍സറുകളും ഇതിലുണ്ട്. പുതിയ മോഡലിന് ഇന്ത്യയില്‍ 40,900 രൂപയാണ് വില.

ആപ്പിള്‍ വാച്ച് എസ്ഇ
ആപ്പിള്‍ വാച്ച് സീരീസ് 6 നൊപ്പം പുതിയ ആപ്പിള്‍ വാച്ച് എസ്ഇയും പുറത്തിറക്കി. സീരീസ് 5ന്റെ സമാനമായ രൂപകല്‍പനയാണിതിന്. എന്നാല്‍ എസ്5 ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. വാച്ച് ഓഎസ് 7 നിലാണ് ഇതിന്റെ പ്രവര്‍ത്തനം. ജിപിഎസ്, സെല്ലുലാര്‍ പതിപ്പുകള്‍ ഇതിനുണ്ട്. ഇതില്‍ ജിപിഎസ് മോഡലിന് 29900 രൂപയാണ് വില.
ആപ്പിള്‍ ഫിറ്റ്‌നസ്
ആപ്പിള്‍ ആരംഭിച്ച പുതിയ ഫിറ്റ്‌നസ് സേവനമാണിത്. ആപ്പിള്‍ വാച്ചുമായി ബന്ധപ്പെട്ടുള്ള ഈ സേവനത്തിന് പ്രതിമാസം 9.99 ഡോളര്‍ ആണ് ചിലവ്. ഈ സേവനത്തില്‍ വ്യായാമത്തിനുള്ള ക്ലാസുകള്‍, യോഗ പരിശീലനം തുടങ്ങിയവ ലഭിക്കും.
ആപ്പിള്‍ വണ്‍ സര്‍വീസ് ബണ്ടില്‍
ആപ്പിള്‍ വണ്‍ സേവനത്തിലൂടെ ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍കേഡ്, ആപ്പിള്‍ ന്യസ് പ്ലസ്, ഐ ക്ലൗഡ് സ്റ്റോറേജ് എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാവും. 14.95 ഡോളറിന്റെ പ്രതിമാസ വ്യക്തിഗത പ്ലാനുകള്‍, 19.95 ഡോളറിന്റെ പ്രതിമാസ ഫാമിലി പ്ലാന്‍, 29.95 ഡോളറിന്റെ പ്രീമിയര്‍ പ്ലാന്‍ തുടങ്ങിയവയാണ് ആപ്പിള്‍ വണ്‍ ബണ്ടില്‍ പ്ലാനുകള്‍.

പുതിയ ഐപാഡുകള്‍
എ12 ബയോണിക് ചിപ്പ് ഉള്‍പ്പെടുത്തിയാണ് പുതിയ ഐപാഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പഴയ മോഡലിന്റെ അതേ രൂപകല്‍പനയാണ് ഇതിന്. ഇന്ത്യയില്‍ 29,900 രൂപയാണ് ഇതിന് വില.

പുതിയ ഐപാഡ് എയര്‍
കഴിഞ്ഞ ദിവസം പുറത്തിറക്കിയതില്‍ പ്രധാനപ്പെട്ട മറ്റൊരു ഉല്‍പ്പന്നമാണ് ഐപാഡ് എയര്‍. ഐപാഡ് പ്രോയുമായി സമാനതയുണ്ടെങ്കിലും ഐപാഡ് എയറില്‍ ഫെയ്‌സ് ഐഡി സൗകര്യമുണ്ട്. ടച്ച് ഐഡി സാങ്കേതിക വിദ്യ പവര്‍ ബട്ടനുള്ളിലാണ് നല്‍കിയിരിക്കുന്നത്. എ14 ബയോണിക് ചിപ്പ് ശക്തിപകരുന്ന ഐപാഡ് എയറില്‍ യുഎസ്ബി സി, മെച്ചപ്പെട്ട ക്യാമറ സൗകര്യങ്ങളുണ്ട്. വിലകൂടിയ വിന്‍ഡോസ് ലാപ്‌ടോപ്പുകളെ വെല്ലുവിളിക്കുന്നവയാണ് ഐപാഡ് എയര്‍. അടുത്തമാസം മുതല്‍ 54,900 രൂപയ്ക്ക് ഇത് വാങ്ങാം.
ഐഓഎസ് 14, വാച്ച് ഓഎസ് 7
നാളെ മുതല്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഐഓഎസ് 14, ഐപാഡ് ഓഎസ് 14, വാച്ച് ഓഎസ് 7, ടിവിഓഎസ് 14 എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പുതിയ ഫീച്ചറുകളും ഇതില്‍ ലഭിക്കും.
Content Highlights: apple september 15 annual event apple watch series ipad air