സ്റ്റീവ് ജോബ്‌സിന്റെ ഓര്‍മയില്‍ ആപ്പിള്‍. കമ്പനിയുടെ സഹസ്ഥാപകനും ചെയര്‍മാനും സിഇഓയുമായിരുന്ന ജോബ്‌സിന്റെ പത്താം ചരമവാര്‍ഷികത്തില്‍ വൈകാരികമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആപ്പിളിന്റെ നിലവിലെ മേധാവി ടിം കുക്ക്. 

2011 ഒക്ടോബര്‍ അഞ്ചിനാണ് സ്റ്റീവ് ജോബ്‌സ് അന്തരിച്ചത്. 

തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്ന അദ്ദേഹത്തിന്റെ വാക്കുകളും, അദ്ദേഹത്തിന്റെ സംഭാവനകളും ഓര്‍ത്തെടുക്കുകയും ആദരിക്കുകയും ചെയ്യുകയാണ് വീഡിയോയിലൂടെ. 

'ഉത്സാഹികളായ ആളുകള്‍ക്ക് ലോകത്തെ മികച്ച രീതിയില്‍ മാറ്റാന്‍ കഴിയും.' പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നും എല്ലായ്പ്പോഴും നിങ്ങളെ ആഘോഷിക്കുകയാണ്. വീഡിയോയ്‌ക്കൊപ്പം നല്‍കിയ കുറിപ്പില്‍ ടിം കുക്ക് പറയുന്നു. 

ആപ്പിളിന്റെ തന്നെ ചരിത്രം മാറ്റിക്കുറിച്ച മാക്കിന്റോഷ്, ഐഫോണ്‍ പോലുള്ള ഉത്പന്നങ്ങളുടെ അവതരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രസ്താവനകളുമെല്ലാം 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കൂട്ടിയിണക്കിയിരിക്കുന്നു.