ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ സ്ഥാപനമാണ് ആപ്പിള്‍. ആപ്പിളിന്റെ മേധാവി ടിം കുക്ക് 2021-ല്‍ നേടിയ വരുമാനം എത്രയാണെന്ന് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 

ഇതനുസരിച്ച് 2021-ല്‍ 9.87 കോടി ഡോളറാണ് (733.12 കോടി രൂപ) ടിം കുക്കിന്റെ വരുമാനം. അടിസ്ഥാന ശമ്പളം, ഓഹരി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. 2020-ല്‍ 1.4 കോടി ഡോളര്‍ (ഏകദേശം 104 കോടി രൂപ) മാത്രമായിരുന്നു ടിം കുക്കിന്റെ വരുമാനം. ഒരു വര്‍ഷം കൊണ്ട് വലിയ വ്യത്യാസമാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. 

എസ്ഇസിയില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 30 ലക്ഷം ഡോളറാണ് (22.30 കോടി) ടിം കുക്കിന്റെ അടിസ്ഥാന ശമ്പളം.  കമ്പനിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 1.2 കോടി ഡോളറും ലഭിച്ചു.  7,12,488 ഡോളറിന്റെ സ്വകാര്യ വിമാനയാത്രകള്‍, സുരക്ഷയ്ക്ക് വേണ്ടിയുള്ള 6,30,630 ഡോളര്‍, അവധിക്കാലത്തിന് വേണ്ടിയുള്ള 23,077 ഡോളര്‍,  റിട്ടയര്‍മെന്റ് സേവിങ്‌സ് പ്രോഗ്രാമായ 401(കെ) പ്ലാനിലേക്ക് 17,400 ന്റെ വിഹിതം എന്നിവ ഉള്‍പ്പടെ 13 ലക്ഷം ഡോളറിലേറെ മറ്റ് ആനുകൂല്യങ്ങളായും നല്‍കി. 

സുരക്ഷാ കാരണങ്ങളാല്‍ സാധാരണ വാണിജ്യ വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ മേധാവികളെ അനുവദിക്കാറില്ല എന്ന് കമ്പനി പറഞ്ഞു. ഓഹരിയില്‍നിന്നുള്ള വരുമാനമായി 8.25 കോടി ഡോളറും (613 കോടി രൂപ) നേടി. 

എന്തായാലും ഒരു വര്‍ഷം കൊണ്ട് വലിയ സാമ്പത്തിക നേട്ടം ആപ്പിള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതിന് തെളിവാണ് മേധാവിയുടെ വരുമാനത്തിലുണ്ടായ ഭീമമായ വര്‍ധന. ഏകദേശം 33 ശതമാനം വളര്‍ച്ചയാണ് കമ്പനിയുടെ വരുമാനത്തിലുണ്ടായത് എന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം മറികടന്ന ആദ്യ കമ്പനിയായി ആപ്പിള്‍ മാറുകയും ചെയ്തത് അടുത്തിടെയാണ്. 

Content Highlights:  Apple revealed CEO Tim Cook Income earned in 2021