സാന്‍ഫ്രാന്‍സിസ്‌കോ: സ്വവര്‍ഗ ലൈംഗികത പാപമെന്ന് പ്രചരിപ്പിക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കംചെയ്തു. ഒരു എല്‍ജിബിടിക്യൂ അവകാശ സംഘടനയുടെ പരാതി പരിഗണിച്ചാണ് ആപ്പിളിന്റെ നീക്കം.

ടെക്‌സാസില്‍ പ്രവര്‍ത്തിക്കുന്ന മതസംഘനയായ ലിവിങ് ഹോപ്പ് മിനിസ്ട്രീസ് നിര്‍മിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ആപ്പിള്‍ നീക്കം ചെയ്തത്. ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, പോലുള്ള അവസ്ഥയില്‍ നിന്നും പ്രാര്‍ത്ഥനയിലൂടെ മാറ്റംവരുത്താമെന്നായിരുന്നു ആപ്പ് ആഹ്വാനം ചെയ്തത്.

എല്‍ജിബിടി വിഭാഗത്തെ തരംതാഴ്ത്തുകയും അവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന, അപകടകരമായ ആപ്പ് നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിച്ച ആപ്പിള്‍ കോര്‍പ്പറേറ്റ് ഉത്തരവാദ്വം അന്വര്‍ത്ഥമാക്കുകയാണ് ചെയ്തതെന്ന് പരാതി നല്‍കിയ സംഘടന ട്രൂത്ത് വിന്‍സ് ഔട്ടിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വെയ്ന്‍ ബെസെന്‍ പറഞ്ഞു.

അതേസമയം ഇങ്ങനെ ഒരു നടപടി സ്വീകരിക്കുമെന്ന് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും തങ്ങളെ സമീപിച്ചവരെ മാത്രമേ സഹായിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ എന്നും നീക്കം ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ ഉടമകളായ ലിവിങ് ഹോപ്പ് മിനിസ്ട്രീസ് എക്‌സിക്യൂട്ടീവ് റിക്കി ചെലെറ്റ് പറഞ്ഞു. ഈ വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Apple Removes App Portraying Homosexuality As Sin