ചൈനയില്‍ പുറത്തിറക്കുന്ന പുതിയ ഐഫോണിന് ഫെയ്‌സ് അണ്‍ലോക്കിങ് സംവിധാനം ഉണ്ടാവില്ല. പകരം ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയാവും പുതിയ ഐഫോണുകള്‍ ചൈനയിലെത്തുക. ഒരു ചൈനീസ് വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് ആണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാല്‍ ഈ വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനീസ് സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചൈനയില്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ഐഫോണുകള്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിലവ് കുറയ്ക്കുന്നതിനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. കാരണം ഫെയ്‌സ്‌ ഐഡിയ്ക്ക് ആവശ്യമായ ലൈറ്റ് ലേസര്‍ എമിറ്റര്‍ നിര്‍മിക്കുന്നതിനുള്ള ചിലവ് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറിനേക്കാള്‍ കൂടുതലാണ്. 

ഇതുവരെ പുറത്തിറക്കിയ ഐഫോണുകളിലൊന്നും തന്നെ ആപ്പിള്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ചിട്ടില്ല. 

ഐഫോണ്‍ ടെന്‍ പരമ്പര ഫോണുകളില്‍ നോച്ച് നല്‍കിയിരിക്കുന്നത് തന്നെ ഫേയ്‌സ് ഐഡി സംവിധാനമൊരുക്കുന്നതിന് വേണ്ടിയാണ്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ചൈനയില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ സ്‌ക്രീനുകള്‍ വ്യത്യസ്തമായിരിക്കും. 

മുമ്പും ചൈനയ്ക്ക് വേണ്ടിമാത്രമായി ആപ്പിള്‍ ഐഫോണ്‍ പ്രത്യേകം പുറത്തിറക്കിയിട്ടുണ്ട്. ചൈനയില്‍ പുറത്തിറക്കിയ ഐഫോണ്‍ ടെന്‍ എസ് പരമ്പരയില്‍ രണ്ട് സിംകാര്‍ഡുകള്‍ ഇടാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ആഗോളവിപണിയില്‍ ഡ്യുവല്‍ സിം സൗകര്യമുണ്ടെങ്കിലും അതില്‍ ഒന്ന് ഇ-സിം ഓപ്ഷനാണ്. ചൈനയില്‍ ഇ-സിം സംവിധാനം അനുവദനീയമല്ല. 

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 11 പരമ്പര ഫോണുകള്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനം ഉണ്ടാകും. ഐഫോണ്‍ ടെന്‍ ആറിന്റെ പിന്‍ഗാനിയായെത്തുന്ന ഫോണില്‍ ഡ്യുവല്‍ ക്യാമറ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlights: apple may launch iphone in China with in-display fingerprint sensor instead of Face ID