ന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഒരു ആപ്പ് അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ തന്നെ ഒരു ഉല്‍പ്പന്നം കൊണ്ട് മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കാന്‍ വേണ്ടിയാണ് ഈ ആപ്പ്. ആപ്പിള്‍ എയര്‍ടാഗിന് വേണ്ടിയാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 

ബാഗുകള്‍, താക്കോലുകള്‍ എന്നിവ എവിടെയാണ് വെച്ചതെന്ന് മറന്നുപോയാല്‍ എളുപ്പം കണ്ടുപിടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന സ്‌മോള്‍ ലൊക്കേഷന്‍ ട്രാക്കറുകളാണ് എയര്‍ടാഗുകള്‍. 

എന്നാല്‍, ആളുകള്‍ അറിയാതെ ബാഗിലും മറ്റും വെച്ച് അവരെ നിരീക്ഷിക്കുന്നതുള്‍പ്പടെയുള്ള ദുരുദ്ദേശ്യത്തോടെ ഇത് ഉപയോഗിക്കാനാകും. ഈ സാധ്യത തിരിച്ചറിഞ്ഞാണ് അടുത്തുള്ള ട്രാക്കറുകള്‍ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ആപ്പ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടേതല്ലാത്ത ട്രാക്കറുകള്‍ തിരിച്ചറിയാന്‍ ഈ സംവിധാനം ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ സഹായിക്കും. 

നേരത്തെ ആപ്പിളിന്റെ വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ എയര്‍ടാഗുകള്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നുള്ളൂ.  എയര്‍ടാഗുകള്‍ പുറത്തിറക്കി രണ്ട് മാസങ്ങള്‍ക്ക് ശേഷം അവയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് അപരിചിതമായ എയര്‍ടാഗുകളും മറ്റ് തേഡ്പാര്‍ട്ടി ട്രാക്കറുകളും കണ്ടെത്തുന്നതിനുള്ള ഫീച്ചര്‍ ഐഫോണുകളില്‍ അവതരിപ്പിച്ചിരുന്നു. 

പുതിയ ആന്‍ഡ്രോയിഡ് ട്രാക്കര്‍ ഡിറ്റക്ടര്‍ ആപ്പിലൂടെ ആപ്പിള്‍ സ്വന്തം ഉപകരണങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സാധിക്കും. 

ആരെങ്കിലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് പിന്തുടരുമെന്ന് സംശയമുണ്ടെങ്കില്‍ ഈ ആപ്പ് ഉപയോഗിക്കാമെന്ന് ആപ്പിള്‍ പറയുന്നു. എയര്‍ടാഗുകള്‍ കണ്ടെത്തിയാല്‍ ആപ്പ് ഒരു ശബ്ദം പുറത്തുവിടും. രജിസ്റ്റര്‍ ചെയ്ത ഐഫോണുകള്‍ നിശ്ചിത അകലത്തില്‍ നിന്ന് മാറുമ്പോള്‍ എട്ട് മുതല്‍ 24 മണിക്കൂര്‍ ഇടവേളകളില്‍ എയര്‍ടാഗുകളും ബീപ്പ് ശബ്ദം പുറത്തുവിടും. 

ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് എയര്‍ടാഗ് കണ്ടെത്തിയാല്‍ അതിലെ ബാറ്ററി എങ്ങനെ നീക്കം ചെയ്യണമെന്നും എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം എന്നുമുള്ള നിര്‍ദേശങ്ങളും ആപ്പില്‍ ലഭിക്കും.

Content Highlights: Apple launches Android app to detect  AirTags tracker used with malicious intent