ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിള്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഓഎസിന്റെ ഏറ്റവും പുതിയ പതിപ്പ് ഐഓഎസ് 15 പുറത്തിറക്കിയത്. പുതിയ നിരവധി ഫീച്ചറുകളുമായെത്തിയ ഓഎസ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. 

ഐഫോണ്‍ 6 എസ് മുതലുള്ള  ഫോണുകളിലാണ് ഐഓഎസ് 15 ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പരാതിപ്പെടുകയാണ് ചില ഉപഭോക്താക്കള്‍. പുതിയ ഐഓഎസ് 15 ഡൗണ്‍ലോഡ് ചെയ്ത ഫോണുകളില്‍ സ്‌റ്റോറേജ് മുഴുവനായെന്നറിയിച്ചുകൊണ്ടുള്ള ' iPhone Storage almost full' എന്ന സന്ദേശം കാണുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.  

IOS 15 bugട്വിറ്ററിലൂടെയാണ് ഉപഭോക്താക്കള്‍ പരാതിയറിയിച്ചത്. യഥാര്‍ത്ഥത്തില്‍ ഫോണ്‍സ്‌റ്റോറേജ് നിറയാതെയാണ് ഈ സന്ദേശം കാണിക്കുന്നത്. 50 ജിബി ഫ്രീ ആയി ഉണ്ടായിരുന്നിട്ടും ഐഫോണ്‍ സ്‌റ്റോറേജ് ഓള്‍മോസ്റ്റ് ഫുള്‍ എന്ന സന്ദേശം കാണുന്നുവെന്നും അത് ഒഴിവാക്കാന്‍ സാധിക്കുന്നില്ലെന്നും ട്വിറ്ററില്‍ ഉപഭോക്താക്കള്‍ പറയുന്നു.

പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ധൃതിപ്പെട്ട് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന സാഹചര്യമാണുള്ളത്. ഐപാഡിലും ഇതേ പ്രശ്‌നം കാണിക്കുന്നുണ്ടെന്നാണ് വിവരം.

ഏതെങ്കിലും പ്രത്യേക മോഡലുകളില്‍ മാത്രമാണോ പ്രശ്‌നം എന്ന് വ്യക്തമായിട്ടില്ല. പലരും ആപ്പിളിന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോയാണ് പരാതി പറയുന്നത്. എങ്കിലും ഈ വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.