പ്പിള്‍ ഐഫോണ്‍, ഐപാഡ്, വാച്ച് എന്നിവയ്ക്കായുള്ള ഐഓഎസ് 15, ഐപാഡ് ഓഎസ് 15 വാച്ച് ഓഎസ് 8 തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് പുതിയ ഓഎസുകള്‍ എത്തിയിരിക്കുന്നത്.

ആപ്പിള്‍ ഐഓഎസ് 15 

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 13 പരമ്പര ഫോണുകള്‍ ഐഓഎസ് 15 ഓഎസില്‍ തന്നെയാണ് വിപണിയിലെത്തുക. മുന്‍ പതിപ്പുകളായ ഐഫോണ്‍ 12 പരമ്പര, ഐഫോണ്‍ 11, ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍, ഐഫോണ്‍ 8, ഐഫോണ്‍ 7 ഐഫോണ്‍ 6എസ് പരമ്പര, ഐഫോണ്‍ എസ്ഇയുടെ രണ്ട് പതിപ്പുകള്‍ എന്നിവയില്‍ പുതിയ ഓഎസ് അപ്‌ഡേറ്റ് ലഭിക്കും.

പഴയ ഫോണുകള്‍ക്ക് പുതിയ ഓഎസിന്റെ പിന്തുണ ലഭിക്കുമെങ്കിലും പല പുതിയ ഫീച്ചറുകളും പുതിയ ഫോണുകളില്‍ മാത്രമേ ലഭിക്കുകയുള്ളൂ. പ്രത്യേകിച്ചും എ12 ബയോണിക് ചിപ്പും അതിന് ശേഷം വന്ന പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍. 2018 ല്‍ പുറത്തിറക്കിയ ഐഫോണ്‍ ടെന്‍എസ് ഫോണുകളിലാണ് എ12 ബയോണിക് ചിപ്പ് ഉള്ളത്. അതായത് അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളില്‍ പുതിയ ഫീച്ചറുകള്‍ പലതും ലഭിക്കുകയില്ല. 

മൂന്ന് ജിബി യാണ് ഐഓഎസ് 15 ന്റെ ഡൗണ്‍ലോഡ് സൈസ്.  സെറ്റിങ്‌സില്‍ ജനറല്‍ വിഭാഗത്തില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് തിരഞ്ഞെടുത്താല്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യാനാവും. അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഫോണ്‍ 50 ശതമാനത്തില്‍ കൂടുതല്‍ ചാര്‍ജ് ചെയ്ത് വെക്കണം. 

ഐപാഡ് ഓഎസ് 15

ഐപാഡ് പ്രോ 12.9 ഇഞ്ച്,  ഐപാഡ് പ്രോ 11 ഇഞ്ച്, ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 9.7 ഇഞ്ച് പതിപ്പുകളിലെല്ലാം തന്നെ പുതിയ ഐപാഡ് ഓഎസ് 15 ലഭിക്കും. കൂടാതെ അഞ്ചാം തലമുറ സ്റ്റാന്റേര്‍ഡ് ഐപാഡിലും അതിന് ശേഷം വന്ന പതിപ്പുകളിലും, ഐപാഡ് മിനി 4 ന്റെ അഞ്ച് ആറ് തലമുറകളിലും പുതിയ ഓഎസ് ലഭിക്കും. 

ആപ്പിള്‍ പുതിയതായി പുറത്തിറക്കിയ ഐപാഡ് മിനി യിലും പുതിയ ഓഎസ് ആണ് ലഭിക്കുക. രണ്ടാം തലമുറ ഐപാഡ് എയറിലും പുതിയ ഐപാഡ് ഓഎസ് 15 ലഭിക്കും. 

വാച്ച് ഓഎസ് 8

ആപ്പിള്‍ വാച്ചുകള്‍ക്കായുള്ള വാച്ച് ഓഎസ് 8 ആപ്പിള്‍ വാച്ച് സീരീസ് 3 യിലും അതിന് ശേഷവുമുള്ള പതിപ്പുകളിലും പിന്തുണയ്ക്കും. ഏറ്റവും പുതിയ വാച്ച് സീരിസ് 7നിലും പുതിയ വാച്ച് ഓഎസ് 8 ആയിരിക്കും ഉണ്ടാവുക. വാച്ച് ഓഎസ് 8 ഉപയോക്താക്കള്‍ക്ക് ഐഓഎസ് 15 ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 6എസോ അതിന് ശേഷമുള്ള ഐഫോണുകളോ ഉണ്ടായിരിക്കണം. 

ഐഓഎസ് 15 ല്‍ പുതിയ മാറ്റങ്ങള്‍ എന്തെല്ലാം

പുതിയ ഒട്ടനവധി ഫീച്ചറുകളുമായാണ് ഐഓഎസ് 15 എത്തിയിരിക്കുന്നത്. ഫെയ്‌സ് ടൈമിലാണ് പ്രധാനമായും പുതിയ സൗകര്യങ്ങളെത്തിയത്. 

സ്‌പേഷ്യല്‍ ഓഡിയോ, ഷെയര്‍ പ്ലേ, പോര്‍ട്രെയ്റ്റ് മോഡ്, പുതിയ ഗ്രിഡ് മോഡ്, വോയ്‌സ് ഐസൊലേഷന്‍ മോഡ് എന്നിവ അതില്‍ ചിലതാണ്. ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്‌ടൈം കോളിന്റെ ലിങ്കുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കാന്‍ സാധിക്കും. ഐഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കും ഈ ലിങ്കുവഴി ഫെയ്‌സ്‌ടൈം കോളിന്റെ ഭാഗമാവാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലും, വിന്‍ഡോസ് ബ്രൗസറുകളിലും ഫെയ്‌സ്‌ടൈം ഉപയോഗിക്കാനാവും. 

മെസേജിങ് ആപ്പിലും പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി. 

നോട്ടിഫിക്കേഷനുകള്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും സൗകര്യമുണ്ടാവും. മീമോജികളില്‍ ഗ്ലാസുകള്‍, സ്റ്റിക്കറുകള്‍ ഉള്‍പ്പടെയുള്ള കസ്റ്റമൈസേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. 

താല്‍പര്യം അനുസരിച്ച് നോട്ടിഫിക്കേഷനുകള്‍ ഫില്‍റ്റര്‍ ചെയ്യാനുള്ള ഫോക്കസ് ഫീച്ചറും പുതിയ ഓഎസില്‍ ഉള്‍പ്പെടുത്തി. ജോലി സമയത്തോ വ്യായാമ സമയത്തോ നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. 

ആളുകളുടെ കോണ്‍ടാക്റ്റ് ഇമേജും വലിയ ഐക്കണും ഇനി നോട്ടിഫിക്കേഷനൊപ്പം കാണിക്കും. നോട്ടിഫിക്കേഷനുകളെ ഒന്നിച്ച് കാണുന്ന സമ്മറി ഫീച്ചറും ഇതിനൊപ്പമുണ്ട് 

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ പുതിയ പ്രൈവസി റിപ്പോര്‍ട്ടും ഐഓഎസ് 15 നല്‍കും. ഇതുവഴി  ആപ്പുകള്‍ ആഴ്ചയില്‍ എത്രതവണ ഉപയോക്താക്കളുടെ ലൊക്കേഷന്‍, ഫോട്ടോസ്, കാമറ, മൈക്രോഫോണ്‍, കോണ്‍ടാക്റ്റ് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ഉപഭോക്താവിന് ലഭിക്കും. 

സിരി യുടെ പ്രവര്‍ത്തനം പൂര്‍ണമായും ഫോണില്‍ തന്നെയാക്കി ഒതുക്കിയിട്ടുണ്ട്. അതായത് സിരിയ്ക്ക് നല്‍കുന്ന ശബ്ദനിര്‍ദേശങ്ങളും മറ്റും ഫോണില്‍ തന്നെയാവും പ്രൊസസ് ചെയ്യപ്പെടുക. അത് പങ്കുവെക്കാന്‍ അനുവാദം നല്‍കിയാല്‍ മാത്രമേ പുറത്തേക്ക് പോവുകയുളളൂ. സിരിയ്ക്ക് ഓഫ്‌ലൈന്‍ സപ്പോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. 

ഐഓഎസ് 15 വേണ്ടെന്ന് വെക്കാം

ഐഓഎസ് 15 അപ്‌ഡേറ്റ് ഫോണില്‍ വേണ്ടെന്ന് വെക്കാനും ഉപയോക്താവിന് സാധിക്കും. പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഐഓഎസ് 14 ല്‍ തന്നെ തുടരാം.