ഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആപ്പിള്‍ സ്വന്തമാക്കിയത് നൂറോളം കമ്പനികളെ. ആപ്പിളിന്റെ വാര്‍ഷിക നിക്ഷേപക യോഗത്തില്‍ കമ്പനി മേധാവി ടിം കുക്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതായത് മൂന്നോ നാലോ ആഴ്ചകള്‍ കൂടുംതോറും ഓരോ കമ്പനിയെ വീതം ആപ്പിള്‍ ഏറ്റെടുത്തുവെന്ന് പറയാം. 

സാങ്കേതികവിദ്യയും കഴിവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഏറ്റടുക്കലുകളെന്ന് ടിം കുക്ക് പറയുന്നു. 

റാപ്പറും നിര്‍മാതാവുമായ ഡോ. ഡ്രെ തുടക്കമിട്ട ഹെഡ്‌ഫോണ്‍ നിര്‍മാണ കമ്പനി ബീറ്റ്‌സ് ഇലക്ട്രോണിക്‌സിനെ സ്വന്തമാക്കിയതാണ് കഴിഞ്ഞ ദശാബ്ദത്തിലെ ആപ്പിളിന്റെ ഏറ്റവും വലിയ ഏറ്റെടുക്കല്‍. 300 കോടി ഡോളറിനായിരുന്നു ഈ ഇടപാട്. മ്യൂസിക് റെക്കഗ്നിഷന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ഷാസം ഏറ്റെടുത്തതാണ് മറ്റൊരു വലിയ ഇടപാട്. 2018-ല്‍ 40 കോടി ഡോളറിനാണ് ഈ കമ്പനിയെ വാങ്ങിയത്. 

പലപ്പോഴും ചെറിയ സാങ്കേതികവിദ്യാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് അവരുടെ നൂതന ആശയങ്ങളെ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത്. പ്രൈം സെന്‍സ് അതിനൊരു ഉദാഹരണമാണ്. ഈ ഇസ്രായേലി ത്രിഡി സെന്‍സിങ് കമ്പനിയുടെ സാങ്കേതിക വിദ്യയാണ് ആപ്പിളിന്റെ ഫെയ്‌സ് ഐഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം വിവിധ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി, പേമെന്റ് സ്റ്റാര്‍ട്ട്അപ്പ്, പോഡ്കാസ്റ്റ് സ്ഥാപനങ്ങളെ ആപ്പിള്‍ സ്വന്തമാക്കിയിരുന്നു. 

സെല്‍ഫ് ഡ്രൈവിങ് സാങ്കേതികവിദ്യയിലെ ഇടപെടല്‍ ശക്തമാക്കുന്നതിനായി ഡ്രൈവ് എഐ എന്ന സെല്‍പ് ഡ്രൈവിങ് ഷട്ടില്‍ സ്ഥാപനത്തെ 2019-ല്‍ ആപ്പിള്‍ വാങ്ങിയിരുന്നു. ചൈനീസ് ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഡിഡി ചുക്‌സിങിലെ 100 കോടിയുടെ ഓഹരിയും കമ്പനി വാങ്ങിയിരുന്നു എങ്കിലും ഈ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല. 

ഏറ്റെടുക്കാന്‍ പണം ഇഷ്ടംപോലെ, സൂക്ഷ്മതയോടെയുള്ള ചെലവാക്കല്‍

ഇരുപതിനായിരം കോടിയിലേറെ വിപണിമൂല്യമുള്ള ആപ്പിളിന് കമ്പനികളെ ഏറ്റെടുക്കാന്‍ മാത്രം സമ്പാദ്യമുണ്ട് എന്നതില്‍ സംശയമില്ല. കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടെ നൂറ് കമ്പനികളെ ഏറ്റെടുത്തുവെങ്കിലും ഏറ്റെടുക്കുന്ന കാര്യത്തില്‍ കൃത്യമായ തിരഞ്ഞെടുപ്പ് ആപ്പിള്‍ നടത്തുന്നുണ്ട്. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയെ ഏറ്റെടുക്കണമെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യം നിരാകരിച്ചത് അതിന് ഒരു ഉദാഹരണമാണ്. 

ഇത് മാത്രവുമല്ല, വിപണിയിലെ മുഖ്യ എതിരാളികളായ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ തുകയ്ക്കാണ് ആപ്പിള്‍ ഓരോ കമ്പനിയേയും ഏറ്റെടുത്തിട്ടുള്ളത്. 

2600 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ്ഇനെ (Linkedin) ഏറ്റെടുത്തത്. വോള്‍ ഫുഡ്‌സിനെ (Whole Foods) ഏറ്റെടുക്കാന്‍ ആമസോണ്‍ ചിലവാക്കിയത് 1370 കോടി ഡോളറാണ്. വാട്‌സാപ്പിന് വേണ്ടി ഫെയ്‌സ്ബുക്ക് ചിലവാക്കിയത് 1900 കോടി ഡോളറാണ്. എന്നാല്‍ ആപ്പിളിന്റെ ഏറ്റവും വലിയ പത്ത് ഏറ്റെടുക്കലുകളുടെ തുക കൂട്ടിയാല്‍ പോലും മുകളില്‍ പറഞ്ഞ ഇടപാടുകളുടെ അടുത്ത് വരില്ല. 

Content Highlights: Apple has acquired about 100 companies over the last six years