വാഷിങ്ടൺ: ഇന്ത്യയിലെ എംപരിവാഹന്‍, ഡിജി ലോക്കര്‍ ആപ്ലിക്കേഷനുകളെ പോലെ അമേരിക്കയില്‍ തിരിച്ചറിയല്‍ രേഖകളും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 

ആപ്പിളിന്റെ ഡിജിറ്റല്‍ ഐഡി പ്രോഗ്രാമിന് വേണ്ട ചെലവുകള്‍ ഭാഗികമായി സംസ്ഥാന ഭരണകൂടങ്ങളും നികുതിദായകരായ ജനങ്ങളും വഹിക്കേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതിയ്ക്ക് വേണ്ടി ജോര്‍ജിയ, അരിസോണ, ഒക്‌ലഹോമ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങള്‍ ആപ്പിളുമായി കരാറൊപ്പിട്ടിട്ടുണ്ട്. 

സംസ്ഥാനങ്ങള്‍ ചെലവ് വഹിക്കുന്നുണ്ടെങ്കിലും ഈ ഡിജിറ്റല്‍ വാലറ്റ് ആപ്പിളിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. അനുയോജ്യമായ ഉപകരണങ്ങള്‍, സേവനം ആരംഭിക്കുന്ന തീയ്യതി, സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റിങ് കാമ്പയിനുകള്‍ കൂടാതെ സംരംഭത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ടുചെയ്യുന്നു എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആപ്പിളിന് 'സ്വന്തമായ വിവേചനാധികാരം' ലഭിക്കുന്നുണ്ടെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫണ്ടിങ്, പ്രൊജക്ട് മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവയ്ക്കായി സംസ്ഥാനങ്ങള്‍ മതിയായ വിഭവങ്ങള്‍ നീക്കി വെക്കണമെന്ന് കരാര്‍ വ്യവസ്ഥയുണ്ട്. ഡിജിറ്റല്‍ ഐഡികള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റേയും ഫെഡറല്‍, സംസ്ഥാന ഭരണകൂട അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതിന്റെയും ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. 

പരിപാടിയുടെ ഐഡന്റിറ്റി വെരിഫിക്കേഷന്റെ ഉത്തരവാദിത്വവും സംസ്ഥാനങ്ങള്‍ക്കാവും. വെരിഫിക്കേഷന്‍ സംവിധാനത്തില്‍ എന്തെങ്കിലും പിഴവുണ്ടായാലും ആപ്പിളിന് അതില്‍ ഉത്തരവാദിത്വമുണ്ടാവില്ല. ഐഫോണ്‍ ഉപഭോക്താക്കളല്ലാത്തവരും അടങ്ങുന്ന ജനങ്ങള്‍ നല്‍കുന്ന നികുതിയില്‍ നിന്നാവും ഇതിനുള്ള ചെലവുകള്‍ പോവുക. 

ആപ്പിളിന്റെ ഈ ഡിജിറ്റല്‍ ഐഡി സംവിധാനത്തെ കുറിച്ച് നിരവധി ആശങ്കകള്‍ ഉയരുന്നുണ്ട്. മുഖ്യമായും ജനങ്ങള്‍ അവരുടെ പ്രധാന തിരിച്ചറിയല്‍ രേഖകളെല്ലാം ഐഫോണിലേക്ക് മാറ്റേണ്ടിവരും. എല്ലാ തിരിച്ചറിയല്‍ രേഖകളും ഒരു ഉപകരണത്തിലേക്ക്. ഇതുവഴി ജനങ്ങള്‍ നിരീക്ഷിക്കപ്പെടുമെന്ന ഭയവുമുണ്ട്. 

ആപ്പിള്‍ തങ്ങളുടെ ഡിജിറ്റല്‍ ഐഡി പ്രോഗ്രാമിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ 'ക്ലിയര്‍' എന്ന ഒരു ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ഇതിനകം ചെയ്യുന്നുണ്ട്. വിമാനത്താവളങ്ങള്‍, കായിക സ്‌റ്റേഡിയങ്ങള്‍ പോലുള്ള സ്ഥലങ്ങളിലേക്ക് അതിവേഗം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. കോവിഡ് വാക്‌സിനേഷന്‍ രേഖ സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കുകയില്ലെന്ന് ക്ലിയര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും ഇഷ്ടാനുസരണം വാഗ്ദാനം ചെയ്യുന്നതിന് ആരോഗ്യ വിവരങ്ങളും, ബയോമെട്രിക് വിവരങ്ങളും ഒഴികെയുള്ളവ ഉപയോഗിക്കുമെന്ന് ക്ലിയര്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഡാറ്റ ആപ്പിള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്താന്‍ പോവുന്നത് എന്ന് വ്യക്തമല്ല.