ക്ലൗഡ് സ്ട്രീം ചെയ്യുന്ന ഗെയിമുകള്‍ക്കുള്ള നിയന്ത്രണങ്ങളിലും ഇന്‍ ആപ്പ് പര്‍ചേസ് നിയമങ്ങളിലും ആപ്പിള്‍ ഇളവ് വരുത്തി. ഡെവലപ്പര്‍മാരില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എങ്കിലും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. ആപ്പ്‌സ്റ്റോറിലെ കര്‍ശന നിയമങ്ങള്‍ക്കെതിരെയുള്ള ഡെവലപ്പര്‍മാരുടെ പരാതി ആപ്പിള്‍ പരിഗണിക്കുകയാണ് ഇതിലൂടെ. 

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍, അപ്ലിക്കേഷനിലെ വാങ്ങലുകള്‍, സബ്സ്‌ക്രിപ്ഷനുകള്‍ എന്നിവയില്‍ നിന്ന് എടുക്കുന്ന 15% മുതല്‍ 30% വരെയുള്ള ഫീസ് നിരക്ക് ആപ്പിള്‍ മാറ്റുന്നില്ല. എന്നാല്‍ ഈ ഫീസ് കുറച്ച് സന്ദര്‍ഭങ്ങളില്‍ മാത്രമേ ബാധകമാകൂ എന്ന് പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. 

ക്ലൗഡ് സ്ട്രീമിങ് വീഡിയോ ഗെയിമുകള്‍ ആപ്പിള്‍ ഉപകരണങ്ങളിലും ഇനി മുതല്‍ ലഭിക്കും. തങ്ങളുടെ ക്ലൗഡ് സ്ട്രീമിങ് ഗെയിമുകള്‍ക്ക് അനുവാദം നല്‍കാത്ത ആപ്പിളിന്റെ നിലപാട് മൈക്രോസോഫ്റ്റ്, എന്‍വിഡിയ കോര്‍പ്പ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ ഏറെ അസ്വസ്ഥരാക്കിയിരുന്നു.

'എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നിടത്തോളം കാലം സ്ട്രീമിംഗ് ഗെയിമുകള്‍ അനുവദനീയമാണ് - ഉദാഹരണത്തിന്, ഓരോ ഗെയിം അപ്ഡേറ്റും അവലോകനത്തിനായി സമര്‍പ്പിക്കണം, ഡവലപ്പര്‍മാര്‍ സെര്‍ച്ചിന് ഉചിതമായ മെറ്റാഡാറ്റ നല്‍കണം, ഫീച്ചറുകള്‍ അല്ലെങ്കില്‍ പ്രവര്‍ത്തനം അണ്‍ലോക്കുചെയ്യുന്നതിന് ഗെയിമുകള്‍ ഇന്‍ ആപ്പ് പര്‍ച്ചേസ് ഉപയോഗിക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് ആപ്പിള്‍ ഡെവലപ്പര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. 

ഇതുവഴി ഗൂഗിള്‍ സ്റ്റേഡിയ, മൈക്രോസോഫ്റ്റിന്റെ എക്‌സ് ക്ലൗഡ് പോലുള്ള സേവനങ്ങള്‍ക്ക് ആപ്പിള്‍ ഉപയോക്താക്കളെ തങ്ങളുടെ സ്ട്രീമിങ് സേവനങ്ങളിലേക്ക് കൊണ്ടുവരാനാവും. എന്നാല്‍ നേരിട്ട് സേവനങ്ങള്‍ എത്തിക്കുന്നതിന് പകരം ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടെ മാത്രമെ അത് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന ആപ്പിള്‍ മുന്നോട്ട് വെക്കുന്നു. അതായത് ഗെയിം സ്ട്രീമിങ് സേവനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ഇടയില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഇടനിലയായി ഉണ്ടായിരിക്കും. 

ഓണ്‍ലൈന്‍ ടീച്ചിങ് ആപ്ലിക്കേഷനുകള്‍, ഇമെയില്‍ ആപ്പുകള്‍, എന്നിവക്കുള്ള ഇന്‍ ആപ്പ് പര്‍ചേസ് നിബന്ധനകളും ആപ്പിള്‍ ഒഴിവാക്കിയിട്ടുണ്ട്‌.

Content Highlights: apple changes appstore rules amid developers backlash