രണകൂടങ്ങള്‍ക്ക് അവരുടെ കോവിഡ് കോണ്‍ടാക്റ്റ് ട്രേസിങ് ആപ്ലിക്കേഷനുകള്‍ വിന്യസിക്കുന്നതിന് സഹായകമായ പുതിയ ഓട്ടോമാറ്റിക് സോഫ്റ്റ് വെയര്‍ ഫ്രെയിംവര്‍ക്ക് ആപ്പിളും ഗൂഗിളും ചേര്‍ന്ന് പുറത്തിറക്കി. നേരത്തെ അവതരിപ്പിച്ച എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ സംവിധാനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. 

ഒരു പ്രത്യേക കോവിഡ് ട്രേസിങ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ഈ പുതിയ സംവിധാനം ഭരണകൂടങ്ങളെ സഹായിക്കും. അതായത് അത്തരം ആപ്പുകള്‍ക്ക് വേണ്ട അടിസ്ഥാന സംവിധാനങ്ങള്‍ കമ്പനികള്‍ തന്നെ ഒരുക്കിയിരിക്കും. 

കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ സിസ്റ്റത്തില്‍ ആപ്പ് നിര്‍മാണത്തിന്റെ ഭൂരിഭാഗം ചുമതലയും ആരോഗ്യ വകുപ്പുകള്‍ക്കായിരുന്നു. അത് ഭരണകൂടങ്ങള്‍ക്ക് അധിക ഭാരമായി മാറി. പല പ്രൊജക്ടുകളും യാഥാര്‍ഥ്യമായില്ല. ഇക്കാരണത്താലാണ് സര്‍ക്കാര്‍ ആരോഗ്യ ഏജന്‍സികള്‍ക്ക് ആപ്പ് വികസനത്തിന്റെ ഭാരം ലഘൂകരിക്കുന്ന പുതിയ സംനിധാനം ഗൂഗിളും ആപ്പിളും ചേര്‍ന്ന് വികസിപ്പിച്ചത്. 

മാത്രവുമല്ല ഓരോ ഭരണകൂടങ്ങളുടെയും ആപ്ലിക്കേഷനുകള്‍ തമ്മില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും പുതിയ സംവിധാനം സഹായിക്കും.

ഐഓഎസ് ഫോണുകളില്‍ ചൊവ്വാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അടുത്തമാസം മുതലാവും പുതിയ ആപ്പ് ഫ്രെയിംവര്‍ക്ക് നിലവില്‍ വരിക.

Content Highlights: Apple and Google new automatic app system to track COVID exposures