താല്‍കാലിക വിദേശ തൊഴിലാളികള്‍ക്ക് പുതിയ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ സാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനങ്ങളായ ആപ്പിള്‍, ഫെയ്സ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ എന്നിവര്‍.
പുതിയ വിസ നിയന്ത്രണങ്ങള്‍ കോവിഡ് -19 പകര്‍ചാവ്യാധിയില്‍ നിന്നുള്ള യുഎസ് സമ്പദ്വ്യവസ്ഥ കരകയറുന്നതിന് പ്രതികൂലമായി മാറുമെന്ന് കമ്പനികള്‍ തിങ്കളാഴ്ച സമര്‍പ്പിച്ച വക്കാലത്തില്‍ പറഞ്ഞു.
അമേരിക്കന്‍ തൊഴിലാളികളെ' സംരക്ഷിക്കുക എന്നപേരില്‍ കുടിയേറ്റ വിസ പ്രോഗ്രാമുകള്‍ പ്രസിഡന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് യഥാര്‍ത്ഥത്തില്‍ ആ തൊഴിലാളികളെയും തൊഴിലുടമകളെയും സമ്പദ്വ്യവസ്ഥയെയും ദ്രോഹിക്കുന്ന നടപടിയാണ് എന്നും കമ്പനികള്‍ പറയുന്നു.
ഈ വര്‍ഷം അവസാനം വരെയാണ് അതിഥി വിസകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ ഏറെ ആശ്രയിക്കുന്ന എച്ച്-1ബി വിസകളും ഇക്കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ നിലവില്‍ അമേരിക്കയില്‍ കഴിയുന്ന എച്ച്-1ബി വിസക്കാരേയോ മറ്റ് വിസ വിഭാഗങ്ങളിലുള്ളവരേയോ ഉത്തരവ് ബാധിക്കില്ല.
തൊഴില്‍ക്ഷാമം മൂലമുണ്ടാകുന്ന മത്സരത്തില്‍ തൊഴില്‍ രഹിതരായ അമേരിക്കക്കാര്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശികള്‍ക്ക് വിസ നല്‍കുന്നത് ട്രംപ് നിര്‍ത്തിവെച്ചത്.
പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും ട്രേഡ് ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മയും കേസ് ഫയല്‍ നല്‍കിയിരുന്നു. ഇതിനെ പിന്തുണച്ചാണ് 50 ഓളം സ്ഥാപനങ്ങള്‍ തിങ്കളാഴ്ച അമികസ് ബ്രീഫ് ഫയല്‍ചെയ്തത്.
ഈ സുപ്രധാന കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത് നവീകരണത്തെയും വളര്‍ച്ചയെയും തടസ്സപ്പെടുത്തുകയും ആത്യന്തികമായി യുഎസ് തൊഴിലാളികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും പരിഹരിക്കാനാകാത്ത വിധത്തില്‍ കൂടുതല്‍ ദോഷം വരുത്തുകയും ചെയ്യുമെന്ന് കമ്പനികള്‍ പറഞ്ഞു.
ടിം കുക്ക് മുതല്‍ സുന്ദര്‍ പിച്ചായ് വരെയുള്ള യുഎസിലെ സാങ്കേതികരംഗത്തെ പ്രമുഖര്‍ ജൂണില്‍ ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചിരുന്നു.
Content Highlights: Apple Amazon facebook join battle against Trump's visa restrictions