കാലിഫോര്‍ണിയ: ഡ്രൈവറില്ലാതെ സ്വന്തമായി ഓടുന്ന കാറുകളുടെ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവ് ഡോട്ട് എഐ എന്ന സെല്‍ഫ് ഡ്രൈവിങ് കാര്‍ കമ്പനി ആപ്പിള്‍ ഏറ്റെടുത്തു. ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ പദ്ധതിയായ ടൈറ്റന്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കൂടിയാണ് ഈ ഏറ്റെടുക്കല്‍. 

ഗൂഗിള്‍ ഉടമസ്ഥരായ ആല്‍ഫബെറ്റിന്റെ സെല്‍ഫ് ഡ്രൈവിങ് കാറായ വെയ്‌മോ ഈ മേഖലയില്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട്. എന്നാല്‍ രഹസ്യമായി ആപ്പിള്‍ തുടങ്ങിയ ടൈറ്റന്‍ പദ്ധതിയുടെ ഭാഗമായ 200 ലേറെ പേരെ ഈയിടെ പിരിച്ചുവിട്ടിരുന്നു. ടൈറ്റന്റെ ഭാവി എന്താണെന്ന ചോദ്യമുയരുന്നതിനിടെയാണ് പുതിയ ഏറ്റെടുക്കല്‍ നടക്കുന്നത്. ലോകവ്യാപകമായി 5ജി സംവിധാനങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് ആപ്പിളിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

2015 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഷീന്‍ ലേണിങ് ഗവേഷണ വിഭാഗത്തിലെ ചിലരാണ് ഡ്രൈവ് ഡോട്ട് ഐഐ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. ടെക്‌സാസില്‍ നിസാന്റെ ഓറഞ്ച് കാറില്‍ പരീക്ഷണം തുടങ്ങിയത് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് കമ്പനി മുന്നോട്ടു കൊണ്ടുപോകാനാകാതെ ലേ ഓഫ് നീക്കം തുടങ്ങിയപ്പോഴാണ് ആഴ്ചകള്‍ മാത്രം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ആപ്പിള്‍ ഏറ്റെടുക്കുന്നത്.

Conttent highlights: Apple acquired Self-driving startup Drive.ai