സാങ്കേതിക വിദ്യാ വ്യവസായ ഭീമനായ ആപ്പിളിന്റെ ആദ്യ സെല്‍ഫ് ഡ്രൈവിങ് കാര്‍ 2025 ല്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. കാര്‍വിപണിയിലേക്ക് കടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചുകഴിഞ്ഞതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. 

രണ്ട് തരം സാധ്യതകളാണ് കമ്പനി സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്ക് വേണ്ടി പരിഗണിക്കുന്നത്. ടെസ് ല കാറുകളിലും മറ്റും ഉള്ളത് പോലെ സ്റ്റിയറിങും ആക്‌സിലറേഷനുമുള്ള തരം. മറ്റൊന്ന് കാറിന് സമ്പൂര്‍ണമായി സ്വയം നിയന്ത്രണമുള്ള മോഡലാണ്. ഇതിന്റെ പ്രവര്‍ത്തനത്തില്‍ മനുഷ്യരുടെ ഇടപെടല്‍ ഒട്ടും വേണ്ടിവരില്ല. 

ഇതില്‍ രണ്ടാമത്തേതിനാണ് കമ്പനിയിലെ എഞ്ചിനീയര്‍മാര്‍ കൂടുതല്‍ പരിഗണനല്‍കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് മനുഷ്യ നിയന്ത്രണമില്ലാതെ പൂര്‍ണമായും സ്വയംനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന കാര്‍. കമ്പനിയുമായി ബന്ധപ്പെട്ട ചിലരെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

കാറിന്റെ രൂപകല്‍പനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റിയറിങില്ലാത്ത കാറിനുള്ളില്‍ ഡ ആകൃതിയില്‍ ആളുകള്‍ക്കിരിക്കാനാവും വിധം ഇരിപ്പിടം ക്രമീകരിക്കുന്നത് കമ്പനി പരിഗണിക്കുന്നുണ്ട്. ഐപാഡിന് സമാനമായ ഒരു ടച്ച് സ്‌ക്രീന്‍ ഇതിനുണ്ടാവും. ഇത് വാഹനത്തിന് നടുവിലായിരിക്കും. ആപ്പിളിന്റെ നിലവിലുള്ള ഉപകരണങ്ങളുമായി കാറിനെ ബന്ധിപ്പിക്കാനാവും. കാറിന് സ്റ്റിയറിങ് ഉണ്ടാവില്ലെങ്കിലും അടിയന്തിര ഘട്ടത്തില്‍ നിയന്ത്രണമേറ്റെടുക്കാനുള്ള സംവിധാനം ഒരുക്കും. ആപ്പിള്‍ തന്നെ വികസിപ്പിച്ചെടുത്ത ചിപ്പ് ആയിരിക്കും കാറില്‍ ഉപയോഗിക്കുക. 

'പ്രൊജക്ട് ടൈറ്റന്‍' എന്നാണ് ആപ്പിളിന്റെ കാര്‍ നിര്‍മാണ പദ്ധതിയ്ക്ക് പേര്. നിലവില്‍ ടെസ്‌ല, ആല്‍ഫബെറ്റിന്റെ വേമോ, ഉബര്‍ പോലുള്ള കമ്പനികള്‍ ഈ രംഗത്തുണ്ട്.  വര്‍ഷങ്ങളായി ഇവര്‍ ഓട്ടോ ഡ്രൈവിങ് സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. എന്നിട്ടും ആ സാങ്കേതിക വിദ്യ പൂര്‍ണതയിലെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വാഹനനിര്‍മാണ രംഗത്തേക്ക് ആദ്യമായി കടന്നുവരുന്ന ആപ്പിള്‍ സമ്പൂര്‍ണമായും മനുഷ്യനിയന്ത്രിതമല്ലാത്ത ഓട്ടോ ഡ്രൈവിങ് കാര്‍ നാല് വര്‍ഷം കൊണ്ട് പുറത്തിറക്കാനുള്ള പദ്ധതിയുമായി നീങ്ങുന്നത്. 

പ്രൊജക്ട് ടൈറ്റന് നേരത്തെ നേതൃത്വം നല്‍കിയിരുന്ന ഡഗ് ഫീല്‍ഡ് ഫോര്‍ഡിലേക്ക് മാറിയതിന് ശേഷം ചുമതലയേറ്റ കെവിന്‍ ലിഞ്ച് ആണ് പുതിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാല് വര്‍ഷത്തിനുള്ള ആദ്യ കാര്‍ എന്ന സമയപരിധി നിശ്ചയിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഈ സാങ്കേതിക വിദ്യയില്‍ കമ്പനി എത്രത്തോളം മുന്നേറിയിട്ടുണ്ട് എന്ന് വ്യക്തമല്ല. 

2025 ല്‍ ഇത് പുറത്തിറക്കുമെന്നാണ് പറയപ്പെടുന്നത് എങ്കിലും. കാറിന് വേണ്ട സാങ്കേതിക വിദ്യ തയ്യാറാക്കുന്ന മുറയ്‌ക്കേ പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാവൂ എന്ന് പറയാനൊക്കൂ. 

ഓട്ടോണമസ് സാങ്കേതികവിദ്യയ്ക്കായി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരേയും ജോലിക്കെടുത്തുവരികയാണ്. 

നേരത്തെ ആപ്പിള്‍ വാച്ചിന്റെ ചുമതലയുണ്ടായിരുന്നയാളാണ് കെവിന്‍ ലിഞ്ച്. സോഫ്റ്റ് വെയര്‍ മാനേജരായ ഇദ്ദേഹത്തിന് കാര്‍ നിര്‍മാണത്തില്‍ മുന്‍പരിചയമൊന്നുമില്ല. എന്നാല്‍ നേരത്തെ ടെസ് ലയില്‍ ഉണ്ടായിരുന്ന മൈക്കല്‍ ഷെകുഷ്, സ്റ്റുവേര്‍ട്ട് ബോവേഴ്‌സ് എന്നിവര്‍ സുപ്രധാന ചുമതലക്കാരായുണ്ട്. ബിഎംഡബ്ല്യൂവിന്റെ ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടി മേല്‍നോട്ടം വഹിച്ച ഉല്‍റിച്ച് ക്രാന്‍സും ആപ്പിളിന്റെ പ്രൊജക്ട് ടൈറ്റന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

Content Highlights: Apple Accelerates Work on Car Project planning for fully automatic car