സൗദിയിലെ പുരുഷന്മാര്‍ സ്ത്രീകളെ നിരീക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കിവരുന്ന മൊബൈല്‍ ആപ്ലിക്കേഷനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കി ആപ്പിള്‍. അബ്ഷേര്‍ ആപ്പിനെതിരെയാണ് അന്വേഷണം. ഒരു അഭിമുഖത്തിനിടെ ആപ്പിള്‍ സിഇഓ ടിംകുക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും, കാര്യങ്ങള്‍ ശരിയാണെങ്കില്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അബ്‌ഷേര്‍ ആപ്പിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണുള്ളത്. ആപ്പിളും, ഗൂഗിളും ഈ ആപ്ലിക്കേഷന്‍ നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റിക് സെനറ്ററായ റോണ്‍ വൈഡെന്‍ ആവശ്യപ്പെട്ടു. 

പുരുഷനായ രക്ഷാകര്‍ത്താവിന്റെ (അത് ഭര്‍ത്താവോ, പിതാവോ ആയിരിക്കും ) അനുമതിയില്ലാതെ സൗദി വനിതയ്ക്ക് രാജ്യം വിടാന്‍ സാധിക്കില്ല. 

വനിതകളുടെ സഞ്ചാരത്തിന് അനുമതി നല്‍കല്‍, വിലക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സേവനങ്ങളാണ് അബ്‌ഷേര്‍ ആപ്പ് നല്‍കിവരുന്നത്.  ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ നിരവധി വര്‍ഷങ്ങളായി ഉപയോഗത്തിലുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 

രക്ഷിതാക്കള്‍ അവരുടെ ഭാര്യമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ തുടങ്ങിയവരെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യും. അവരിലാരെങ്കിലും രാജ്യാതിര്‍ത്തി വിടാന്‍ ശ്രമിച്ചാല്‍ രക്ഷിതാവിന് അതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. യാത്ര വിലക്കണമെങ്കില്‍ അത് ആപ്പ് വഴി സാധിക്കും.

ഇത് മനുഷ്യാവകാശ ലംഘനവും, ലിംഗവിവേചനവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

അതേസമയം, ബുദ്ധിമതികളായ ചില സ്ത്രീകള്‍ അവരുടെ രക്ഷിതാക്കളുടെ ഫോണിലെ ആപ്ലിക്കേഷനിലുള്ള ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി രാജ്യാതിര്‍ത്തി കടക്കുന്നുണ്ടെന്ന് ഇന്‍സൈഡര്‍ വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Content Highlights: App That Lets Saudi Men Track Their Wives apple to investigate