പുതിയ ആന്‍ഡ്രോയിഡ് 12 ഡെവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് 12 അന്തിമ പതിപ്പ് പുറത്തിറക്കുന്നതിന് മൂന്ന് എട്ട് ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറക്കുമെന്ന് ഗൂഗിള്‍ പുറത്തുവിട്ട ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. 

പിക്‌സല്‍ 3, പിക്‌സല്‍ 3 എക്‌സ്എല്‍, പിക്‌സല്‍ 3, പിക്‌സല്‍ 3എ എക്‌സ്എല്‍, പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ്എല്‍, പിക്‌സല്‍ 4എ, പിക്‌സല്‍ 4എ 5ജി, പിക്‌സല്‍ 5 എന്നീ ഫോണുകളിലാണ് ആന്‍ഡ്രോയിഡ് 12 ന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ലഭിക്കുക. 

ഈ ഫോണുകളിലേതെങ്കിലും കയ്യിലുള്ളവര്‍ക്ക് ആന്‍ഡ്രോയിഡ് 12 ഡെവലപ്പര്‍ പ്രിവ്യൂ 1 ഉപയോഗിച്ച് നോക്കാം. എന്നാല്‍, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രധാന പിക്‌സല്‍ ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഡാറ്റ നഷ്ടപ്പെട്ടേക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. 

ഗൂഗിളിന്റെ ബ്ലോഗില്‍ കാണിച്ചിരിക്കുന്ന ആന്‍ഡ്രോയിഡ് 12 പുറത്തിറക്കുന്നതിന്റെ സമയക്രമം അനുസരിച്ച് ഈ വര്‍ഷം മേയില്‍ ആന്‍ഡ്രോയിഡ് 12 ആദ്യ ബീറ്റ പതിപ്പ് പുറത്തിറക്കും. ഓഗസ്റ്റ് വരെ ബീറ്റ പതിപ്പ് തുടരും. അതിന് ശേഷം ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 12 അന്തിമ പതിപ്പ് പുറത്തിറക്കും. ഇത് ഒക്ടോബറില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന വിവിധ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 12-ല്‍ ഉണ്ടാവും. ട്രാക്കിങിന് വേണ്ടി ഉപയോഗിക്കുന്ന ഐഡന്റിഫയറുകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്ന സംവിധാനങ്ങള്‍ ഇതിന് വേണ്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എച്ച്ഇവിസി (HEVC), എച്ച്ഡിആര്‍ (HDR) വീഡിയോ ഫോര്‍മാറ്റുകളെ ഓട്ടോമാറ്റിക് ആയി എവിസി (AVC) ഫോര്‍മാറ്റിലേക്ക് ട്രാന്‍സ്‌കോഡ് ചെയ്യുന്ന സൗകര്യം പുതിയ ഒഎസില്‍  ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ പറയുന്നു. ഗുണമേന്മയുള്ള വീഡിയോകളുടെ ഉപയോഗം സുഗമമാക്കുന്നതിനാണിത്. എച്ച്ഇവിസി ഫോര്‍മാറ്റുകള്‍ ചില ആപ്പുകള്‍ പിന്തുണയ്ക്കാത്ത പ്രശ്‌നം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ പുതിയ എവിഐഎപ് (AVIF) ഇമേജ് ഫോര്‍മാറ്റ് ഇത് പിന്തുണയ്ക്കും. ജെപിഇജി ഫോര്‍മാറ്റില്‍ നിന്ന് ചിത്രങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ഇത് സാധിക്കും. 

മെച്ചപ്പെട്ട ജെസ്റ്റര്‍ നാവിഗേഷന്‍, പരിഷ്‌കരിച്ച സെറ്റിങ്‌സ് ആപ്പ് സെര്‍ച്ച് ബാര്‍, ലോക്ക് സ്‌ക്രീന്‍, നോട്ടിഫിക്കേഷന്‍ മീഡിയാ പ്ലെയര്‍ തുടങ്ങിയവയും ആന്‍ഡ്രോയിഡ് 12-ലുണ്ട്. മൈക്രോ ഫോണും, ക്യാമറയും ബ്ലോക്ക് ചെയ്യുന്ന പ്രൈവസി ടോഗിള്‍, വൈഫൈ പാസ് വേഡുകള്‍ വയര്‍ലെസ് ആയി കൈമാറാന്‍ സാധിക്കുന്ന സൗകര്യം. എന്നിവയുണ്ടാവും.

സെറ്റിങ്‌സില്‍ നിറങ്ങളുടെ തെളിച്ചം കുറയ്ക്കുന്നതിനുള്ള റെഡ്യൂസ് ബ്രൈറ്റ് കളേഴ്‌സ് സൗകര്യമുണ്ടാകും. വണ്‍ ഹാന്റ് മോഡ്, സ്‌ക്രോളിങ് സ്‌ക്രീന്‍ഷോട്ട് ഫീച്ചറുകളും അവതരിപ്പിക്കും.

Content Highlights: android developer preview released