ടാബ് ലെറ്റുകള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ആന്‍ഡ്രോയിഡ് 12 എല്‍ (Android 12L) ഓഎസിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ദിവസങ്ങള്‍ക്ക് മുമ്പ്  ലെനോവോ ടാബ് പി12 ല്‍ ആന്‍ഡ്രോയിഡ് 12 എലിന്റെ ഡെവലപ്പര്‍ പ്രിവ്യൂ അവതരിപ്പിച്ചിരുന്നു. വരും വര്‍ഷം ആദ്യതന്നെ വലിയ സ്‌ക്രീനുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് 12എല്‍ ഓഎസ് പുറത്തിറക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. 

ലെനോവോ ടാബ് ലെറ്റിലും പിക്‌സല്‍ ഉപകരണങ്ങളിലും ആന്‍ഡ്രോയിഡ് 12 ബീറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം ആന്‍ഡ്രോയിഡ് സ്റ്റുഡിയോ ഉപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് വലിയ സ്‌ക്രീനുകളിലേക്കുള്ള ആപ്പുകള്‍ തയ്യാറാക്കാനാവും. 

നേരത്തെ ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഓഎസ് തന്നെയാണ് ടാബുകളിലും ഉപയോഗിച്ചിരുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഒരു ഫോണിനെ വലിച്ചു നീട്ടി വലുതാക്കിയ പ്രതീതി ടാബുകളില്‍ അനുഭവപ്പെട്ടിരുന്നു. ഇതിലെ പരിമിതികള്‍ ഇല്ലാതാക്കുകയാണ് ആന്‍ഡ്രോയിഡ് 12 എല്‍. 

ആപ്പിള്‍ സമാനമായ രീതിയില്‍ ഐപാഡ് ഓഎസ് അവതരിപ്പിച്ചിട്ടുണ്ട്. ഐഓഎസ് ആണ് ഫോണുകളില്‍ ഉപയോഗിക്കുന്നത്. 

മള്‍ടി ടാസ്‌കിങ്, സ്പ്ലിറ്റ് സ്‌ക്രീന്‍ പോലുള്ള സൗകര്യങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും വിധമാണ് ആന്‍ഡ്രോയിഡ് 12 തയ്യാറാക്കിയിരിക്കുന്നത്. 

ആന്‍ഡ്രോയിഡ് സ്റ്റുഡിയോയില്‍ ഒരു ആന്‍ഡ്രോയിഡ് എമുലേറ്റര്‍ സെറ്റ് അപ്പ് ചെയ്ത് ആന്‍ഡ്രോയിഡ് 12 എലിലെ ഫീച്ചറുകള്‍ നിങ്ങളുടെ ടാബ് ലെറ്റില്‍ പരീക്ഷിക്കാവുന്നതാണ്. 

Content Highlights: Android 12L designed for tablets released by Google