പാകിസ്താനിലും ചൈനയിലും രഹസ്യ നിരീക്ഷണം നടത്തുന്നതിനായി ഇന്ത്യ തങ്ങളുടെ സോഫ്റ്റ്വെയര്‍ ദുരുപയോഗം ചെയ്തുവെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ കമ്പനിയായ എക്‌സോഡസ് ഇന്റലിജന്‍സ്. എക്‌സോഡസ് ഇന്റലിജന്‍സിന്റെ മേധാവിയും സഹ സ്ഥാപകനുമായ ലോഗന്‍ ബ്രൗണിന്റെ വെളിപ്പെടുത്തല്‍ ഫോര്‍ബ്‌സ് ആണ് പുറത്തുവിട്ടത്.

സോഫ്റ്റ്​ വെയറുകളുടെ കേടുപാടുകള്‍ വികസിപ്പിക്കുകയും, വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് എക്‌സോഡസ്. സോഫ്റ്റ് വെയറുകളില്‍ അധിവേഗം പരിഹരിക്കപ്പെടേണ്ടതായ കേടുപാടുകള്‍ (Zero day Vulnerablities) പോലും ഇവര്‍ കണ്ടെത്തി വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഈ പ്രശ്നങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സോഫ്റ്റ്​വെയറുകളും ഇവർ വില്‍ക്കുന്നുണ്ട്.

പ്രതിരോധത്തിനുള്ള ഉപകരണം എന്ന നിലയിലാണ് ഇവര്‍ ഇത് ചെയ്യുന്നത്. ഭരണകൂടങ്ങളാണ് പലപ്പോഴും ഇവരുടെ ഉപഭോക്താക്കള്‍. നേരത്തെ ഒരു ചൈല്‍ഡ് പോണോഗ്രഫി വെബ്‌സൈറ്റിനെ തകര്‍ക്കാന്‍ എക്‌സോഡസ് ഇന്റലിജന്‍സിന്റെ കണ്ടെത്തലുകൾ ഭരണകൂടങ്ങള്‍ക്ക് സഹായകമായത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.  

എന്നാല്‍ ഇവരില്‍ നിന്ന് കൈക്കലാക്കുന്ന സോഫ്റ്റ്​വെയറുകളുടെ സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഏത് വിധേനയും ഉപയോഗപ്പെടുത്താന്‍ ഉപഭോക്താവിന് സാധിക്കും. അതിനാല്‍ തന്നെ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.  

ഈ രീതിയില്‍ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ആഴത്തില്‍ കടന്നുകയറാന്‍ സാധിക്കുന്ന വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തകരാറുകളിലൊന്ന് ഇന്ത്യ തിരഞ്ഞെടുത്തുവെന്നും അത് ഇന്ത്യന്‍ ഭരണകൂടമോ കരാറുകാരനോ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും ലോഗന്‍ബ്രൗണ്‍ പറയുന്നു. 

പിന്നീട് എക്‌സോഡസിന്റെ ഏറ്റവും പുതിയ സീറോ ഡേ റിസര്‍ച്ച് വാങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ കമ്പനി തടഞ്ഞു. ഒപ്പം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൈക്രോസോഫ്റ്റിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. 

തങ്ങളുടെ കണ്ടെത്തല്‍ ഇന്ത്യ ആക്രമണാത്മകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും താന്‍ അതില്‍ പങ്കാളിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്രൗണ്‍ പറഞ്ഞു. 

അടുത്തിടെ ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ദുരുപയോഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശങ്ങള്‍നേരിടുന്ന ഇന്ത്യയുമായി ഇടപാടുകള്‍ നടത്തുന്നതില്‍ എക്‌സോഡസ് ശ്രദ്ധിക്കണമായിരുന്നു എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.