ബോളിവുഡിലെ മുതര്‍ന്ന താരമായ അമിതാഭ് ബച്ചന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവയ്ക്കെല്ലാം ശബ്ദം നല്‍കുകയും നിരവധി ടെലിവിഷന്‍ പരിപാടികളുടേയും പരസ്യങ്ങളുടേയും ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനില്‍ വഴി പറഞ്ഞു തരുന്ന ശബ്ദമായി അമിതാഭ് ബച്ചന് എത്തിയേക്കും. മിഡ് ഡേ.കോം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗൂഗിള്‍ മാപ്പില്‍ ശബ്ദം നല്‍കുന്നതിനായി ഗൂഗിള്‍ അമിതാബ് ബച്ചനെ സമീപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും ഇത് വരെയും ഇത് സംബന്ധിച്ച് ധാരണയായില്ല.
സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ വലിയ തുകയാണ് ബച്ചന് പ്രതിഫലമായി ചോദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളിന്റെ ഓഫര്‍ ബച്ചന് അംഗീകരിച്ചാല്‍ തന്നെ വീട്ടിലിരുന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്യണം. റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അമിതാഭ് ബച്ചനോ ഗൂഗിളോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
അമേരിക്കന്‍ കലാകാരിയായ കാരെന് ജേക്കബ്സെന്‍ ഗൂഗിള്‍ മാപ്പിന് ശബ്ദം നല്‍കുന്നുണ്ട്. ആപ്പിളിന്റെ സിരിയിക്കും കാരെന് ശബ്ദം നല്‍കിയിട്ടുണ്ട്. അമിതാബ് ബച്ചന്റെ ശബ്ദം ഗൂഗിള്‍ മാപ്പില്‍ വന്നാല്‍ തന്നെ അത് ഹിന്ദി ഭാഷയില്‍ മാത്രമേ വരാന്‍ സാധ്യതയുള്ളൂ. നേരത്തെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍'' എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ആമിര്‍ഖാന്റെ ശബ്ദം ഗൂഗിള്‍ മാപ്പില്‍ നല്‍കിയിരുന്നു.
ഗൂഗിള്‍ മാപ്പുമായി ബന്ധപ്പെട്ട മറ്റ് വിശേഷങ്ങള്‍ നോക്കാം. കോവിഡ്-19 നുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചര്‍ ഗൂഗിള്‍മാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഗതാഗത അറിയിപ്പുകള്, ചികിത്സാ സൗകര്യ അറിയിപ്പുകള് പോലുള്ളവയും ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. എങ്കിലും ഈ സൗകര്യങ്ങളില്‍ പല രാജ്യങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
Content Highlights: amitabh bachchan voice on google maps navigation