ആമസോണിന്റെ ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ് സേവനമായ അലക്‌സയ്ക്ക് അമിതാബ് ബച്ചന്റെ ശബ്ദം. ബച്ചനുമായി സഹകരിക്കുന്ന വിവരം ആമസോണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സെലിബ്രിറ്റി അലക്‌സയ്ക്ക് ശബ്ദം നല്‍കുന്നത്. 

തമാശകള്‍, കാലാവസ്ഥ, നിര്‍ദേശങ്ങള്‍, ഉറുദു കവിതകള്‍, പ്രചോദനദായകമായ ഉദ്ധരണികള്‍ ഉള്‍പ്പടെയുള്ളവ അമിതാബ് ബച്ചന്റെ ശബ്ദത്തില്‍ കേള്‍ക്കാം. 2021 മുതലാണ് അമിതാബ് ബച്ചന്റെ ശബ്ദം അലക്‌സയില്‍ ലഭ്യമാവുക. എന്നാല്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ഫീച്ചര്‍ ആയാണ് ഇത് ലഭിക്കുക. 

എന്നാല്‍ നിങ്ങള്‍ക്ക് അമിതാബ് ബച്ചന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കേട്ടറിയാന്‍ അലക്‌സയുള്ള ഉപകരണത്തോട് 'Alexa, say hello to Mr. Amitabh Bachchan.' എന്ന് പറഞ്ഞാല്‍ മതി. 

'പുതിയ രൂപവുമായി പൊരുത്തപ്പെടാന്‍ സാങ്കേതികവിദ്യ എല്ലായ്‌പ്പോഴും എനിക്ക് അവസരം നല്‍കാറുണ്ടെന്ന് അമിതാബ് ബച്ചന്‍ എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ആമസോണും അലക്‌സയുമായി സഹകരിക്കുന്നതില്‍ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബോളിവുഡിനൊപ്പം വളര്‍ന്ന ഏതൊരു ഇന്ത്യക്കാരനും അമിതാബ് ബച്ചന്റെ ശബ്ദം അവിസ്മരണീയമാണെന്ന് ആമസോണ്‍ ഇന്ത്യയുടെ അലക്‌സ എക്‌സ്പീരിയന്‍സ് ലീഡര്‍ പുനീഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അലക്‌സ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പ്രതികരണം അറിയാന്‍ ഏറെ ആകാംഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അലക്‌സയ്ക്ക് ശബ്ദം നല്‍കുന്ന ആദ്യ ഇന്ത്യന്‍ സിനിമാ താരമാണ് അമിതാബ് ബച്ചന്‍ എന്നാല്‍ അലക്‌സയ്ക്ക് ശബ്ദം നല്‍കിയ ആദ്യ സെലിബ്രിറ്റി സാമുവെല്‍ എല്‍. ജാക്‌സണ്‍ ആണ്. സാമുവല്‍ എല്‍ ജാക്‌സണിന്റെ  ശബ്ജം അമേരിക്കന്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭിക്കൂ. ബച്ചന്റെ ശബ്ദവും ഇന്ത്യയില്‍ മാത്രമേ ലഭിക്കൂ എന്നാണ് വിവരം. ഹിന്ദിയിലായിരിക്കും ബച്ചന്റെ ശബ്ദം. ഇംഗ്ലീഷില്‍ ബച്ചന്റെ ശബ്ദം ലഭിക്കൂമോ എന്ന് വ്യക്തമല്ല. 

Content Highlights: amitabh bachchan first indian celebrity becoming alexa voice