Representational Image | Photo: Gettyimages
യുഎഇയില്‍ എല്‍ജിബിടി വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസൾട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഓണ്‍ലൈന്‍ റീട്ടെയില്‍ സ്ഥാപനമായ ആമസോണ്‍. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യുഎഇ ഭരണകൂടം ഇതിനായി ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗ്ഗാനുരാഗിയാകുന്നത് ക്രിമിനല്‍ കുറ്റമായ 69 രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ.
എല്‍ജിബിടി വിഭാഗക്കാര്‍ ആഗോളതലത്തിൽ 'പ്രൈഡ് മന്ത്' (Pride Month) ആഘോഷിക്കാനിരിക്കെയാണ് ആമസോണിലെ ഈ നിയന്ത്രണം എന്നതും ശ്രദ്ധേയമാണ്.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുള്ളതിനാലാണ് ഈ നിയന്ത്രണമെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. ഒരു കമ്പനി എന്ന നിലയില്‍ വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ എന്നിവയോട് പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും എല്‍ജിബിടിക്യൂഎ പ്ലസ് ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ബിബിസിയോട് പ്രതികരിച്ചു.
എല്‍ജിബിടി ഉത്പന്നങ്ങളുടെ വില്പന തടയാൻ പിഴ ശിക്ഷയുള്‍പ്പടെയുള്ള ഭീഷണികള്‍ യുഎഇ അധികൃതരില്‍ നിന്നുണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ആദ്യം എല്‍ജിബിടി അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള അമേരിക്കന്‍ എംബസിയുടെ ട്വീറ്റിനെതിരേ കുവൈറ്റ് രംഗത്തുവന്നിരുന്നു. പ്രൈഡ് മന്തില്‍ ജോ ബൈഡന് ഭരണകൂടത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ട്വീറ്റാണ് എംബസി പങ്കുവെച്ചത്. ഇത് ഇനി ആവര്‍ത്തിക്കരുതെന്നാണ് കുവൈറ്റിന്റെ മുന്നറിയിപ്പ്. കുവൈറ്റിലും സ്വവര്‍ഗാനുരാഗം കുറ്റകരമാണ്. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുമെന്ന് കാണിച്ച് സൗദി അറേബ്യയില്‍ മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..