ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നു. സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ക്ലാസിഫൈഡ് പരസ്യ സേവനമായ മാര്‍ക്കറ്റ് പ്ലേസിലൂടെയാണ് വില്‍പന. ഏക്കര്‍ കണക്കിന് വനമേഖലയാണ് ഈ രീതിയില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍, ഈ വിഷയത്തില്‍ നേരിട്ട് നടപടി സ്വീകരിക്കില്ലെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിലപാട്. അതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.  പ്രദേശത്തെ സംരക്ഷിത ജനവിഭാഗങ്ങളിലൊന്നിന്റെ നേതാവ് ഇതില്‍ നടപടി സ്വീകരിക്കണമെന്ന് ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത വനഭൂമി വില്‍പന തടയാന്‍ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വളരെ എളുപ്പത്തില്‍ ഈ പരസ്യങ്ങള്‍ കാണാവുന്നതാണ്. ചില പരസ്യങ്ങളില്‍ ഉപഗ്രഹ ചിത്രങ്ങളും മറ്റും നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബ്രസീലിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലെന്ന് തുറന്നു പറയുന്ന വില്‍പനക്കാര്‍ സര്‍ക്കാര്‍ അധികൃതരില്‍ നിന്ന് യാതൊരു വിധ ശല്യവും ഉണ്ടാവില്ലെന്നും ഉറപ്പുനല്‍കുന്നു. 

കാട്ടുതീയും വനനശീകരണവും രൂക്ഷമായ ഈ പ്രദേശങ്ങളില്‍ വനപ്രദേശം നിയമവിരുദ്ധമായി വെട്ടി കൃഷിക്കനുയോജ്യമാക്കിയും വില്‍പന നടത്തുന്നുണ്ട്.

പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന നിലപാടാണ് ബൊല്‍സനാരോ ഭരണകൂടത്തിനുള്ളതെന്ന് പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാല്ലെസ് പറഞ്ഞു. വനനശീകരണം, കാട്ടുതീ പോലുള്ളവിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പക്ഷെ,  കോവിഡ് വ്യാപനം ആമസോണ്‍ മേഖലയിലെ നിയമനിര്‍വഹണ നടപടികളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ടെന്നും സാല്ലേസ് പറയുന്നു.

അതേസമയം, ആമസോണ്‍ വനമേഖലയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. വനം നശിപ്പിക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയും ചെയ്യുന്നത് കാണേണ്ടിവരുന്നത് ശരിക്കും വേദനാജനകമാണ്, കഴിഞ്ഞ 30 വര്‍ഷക്കാലമായി വനനശീകരണത്തിനെതിരെ പോരാടുന്ന പരിസ്ഥിതി പ്രവര്‍ത്തക ഇവാനെയ്ഡ ബന്ദെയ്‌റ പറഞ്ഞു.

Content Highlights: Amazon rain forest plots sold via Facebook Marketplace ads