ഷോപ്പിങ് വെബ്‌സൈറ്റുകളിലെ പ്രത്യേക ഡീലുകള്‍ വഴി വന്‍വിലക്കുറവില്‍ ചിലപ്പോള്‍ ഉല്‍പന്നങ്ങള്‍ ലഭിക്കാറുണ്ട്. ചിലര്‍ ഇത്തരം ഡീലുകളുടെ ആരാധകരാണ്. ഇ കോമേഴ്‌സ് വെബ്സൈറ്റായ ആമസോണിന് ഇത്തരം ഒരു ഡീലിന്റെ പേരില്‍ വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്.

2014-ല്‍ നിയമ വിദ്യാര്‍ഥിയായ സുപ്രിയോ രഞ്ജന്‍ മഹാപത്ര ആമസോണില്‍ ഒരു ലാപ്‌ടോപ്പിന്റെ വില കണ്ട് ഞെട്ടി. 190 രൂപയ്ക്ക് ലാപ്‌ടോപ്പ്. അങ്ങനെ കാണുമ്പോള്‍ ആരായാലും ആദ്യം എന്താ ചെയ്യുക? അതും ആമസോണ്‍ വെബ്‌സൈറ്റില്‍ തന്നെ ആവുമ്പോള്‍...

പഠനാവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പ് ആവശ്യമുണ്ടായിരുന്നതിനാല്‍ രഞ്ജന്‍ ആ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തു.  എന്നാല്‍, കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞ ആ ഓര്‍ഡര്‍ പിന്‍വലിക്കപ്പെട്ടതായി അറിയിച്ചുകൊണ്ട് ഒരു സന്ദേശം ലഭിച്ചു. വില ഇടിവ് പ്രശ്‌നം മൂലം ഓര്‍ഡര്‍ പിന്‍വലിക്കേണ്ടി വന്നു എന്നാണ് ആമസോണ്‍ കസ്റ്റമര്‍ കെയര്‍ അറിയിച്ചത്. 

എന്നാല്‍, ഈ സംഭവം ഒഡീഷയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മുന്നിലെത്തി. മാനസിക പ്രയാസം, ഉപദ്രവം എന്നിവയ്ക്ക് നഷ്ടപരിഹാരമായി 40,000 രൂപ ലാപ്‌ടോപ്പ് വാങ്ങിയ ആള്‍ക്ക് നല്‍കാനാണ് ക്മ്മീഷന്‍ ആമസോണിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 5000 രൂപ വ്യവഹാര ചെലവായും നല്‍കണം. 

ഏത് ലാപ്‌ടോപ്പ് ആണ് രഞ്ജന്‍ വാങ്ങിയത് എന്ന് വ്യക്തമല്ല. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് ലാപ്‌ടോപ്പ് വാങ്ങിയത് അത് പിന്‍വലിക്കപ്പെട്ടതിനാല്‍ 22,899 രൂപയുടെ മറ്റൊരു ലാപ്‌ടോപ്പ് വാങ്ങേണ്ടി വന്നു. ഇത് ലഭിക്കാന്‍ വൈകുകയും ചെയ്തുവെന്ന് രഞ്ജന്റെ പരാതിയെന്ന്  എന്ന് ബാര്‍ ആന്റ് ബെഞ്ച് വെബ്‌സൈറ്റ് പറയുന്നു.

പരാതിക്കാരന് ശരിയായ സേവനം നല്‍കുന്നതില്‍ അശ്രദ്ധയുണ്ടായെന്നും അന്യായമായ വ്യാപാര രീതികളില്‍ ഏര്‍പ്പെടുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു. ആമസോണ്‍ സേവനത്തിലെ അപര്യാപ്തതയാണ് ഇതെന്നും കമ്മീഷന്‍ പറഞ്ഞു.

Content Highlights: amazon listed laptop for 190 rs got fine for cancelling the order