Photo: Amazon
ആമസോണിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള അതിവേഗ ഡെലിവറി. റോഡിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പടെയുള്ള പ്രതിബന്ധങ്ങളൊന്നുമില്ലാതെ ഡെലിവറി സ്റ്റേഷനില്‍ നിന്നും ആകാശത്തുകൂടി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആമസോണിന്റെ ഡ്രോണുകള്‍ സാധനങ്ങള്‍ എത്തേണ്ടിടത്ത് എത്തിക്കും.
2013 ലാണ് ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസ് തന്റെ ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. അതിന് ശേഷം യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പരീക്ഷണാടിസ്ഥാനത്തിലുള്ള ഡ്രോണ്‍ ഡെലിവറിയ്ക്ക് അനുമതി നല്കിയപ്പോഴും വിജയകരമായ ചില ഡ്രോണ്‍ ഡെലിവറി പരീക്ഷണങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ആകാശത്തുകൂടി പറന്നുവരുന്നൊരു കാലം ആമസോണ്‍ ഉപഭോക്താക്കളും സ്വപ്നം കണ്ടിട്ടുണ്ടാവണം.
എന്നാല്‍ ബ്ലൂം ബെര്‍ഗ് പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് ആമസോണിന്റെ ഈ പദ്ധതിയെ കുറിച്ച് അത്ര ശുഭകരമായ വിവരങ്ങളല്ല പങ്കുവെക്കുന്നത്. പ്രഖ്യാപനം നടത്തി ഒരു ദശാബ്ദമാകാറായിട്ടും ഡ്രോണ്‍ ഡെലിവറി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആമസോണ്‍ പ്രയാസപ്പെടുകയാണെന്ന് ബ്ലൂം ബെര്‍ഗ് പറയുന്നു.
ഇതുവരെ 200 കോടി ഡോളറിലധികം ഈ പദ്ധതിയ്ക്കായി കമ്പനി ചെലവാക്കിയിട്ടുണ്ട്. ലോകത്തെമ്പാടുമായി 1000 ല്‍ അധികം ജീവനക്കാരും ഈ പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സുരക്ഷ ആശങ്കകള്‍ ഉള്‍പ്പടെ വിവിധ സാങ്കേതിക പ്രശ്നങ്ങളാണ് ആമസോണിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണിലുണ്ടായ ഒരു ഡ്രോണ്‍ അപകടം ഡ്രോണുകളെ കുറിച്ചുള്ള സുരക്ഷാ ഭീതി വര്‍ധിപ്പിച്ചു.
വരും മാസങ്ങളില്‍ ഡ്രോണുകള്‍ വീണ്ടും പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ വര്‍ഷം 2500 തവണ ഡ്രോണ്‍ ഡെലിവറി പരീക്ഷണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെങ്കിലും അത് നടന്നില്ല. 2022 ല്‍ 12000 പറക്കലുകളാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയോടെ 200 പറക്കലുകള്‍ മാത്രമാണ് നടത്തിയത്. പരീക്ഷണത്തിനായി കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനും ഉദ്ദേശിക്കുന്നുണ്ട്.
അതിനിടെ ഡ്രോണ്‍ ഡെലിവറിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമംഗങ്ങള്‍ക്കിടയില്‍ നിന്ന് ജോലി സമ്മര്‍ദ്ദം സംബന്ധിച്ചും മറ്റുമുള്ള പരാതികള്‍ ഉയരുന്നുണ്ട്.
സുരക്ഷയേക്കാള്‍ പദ്ധതി അതിവേഗം ആരംഭിക്കുന്നതിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത് എന്ന് ആമസോണിന്റെ മുന്‍ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ തന്റെ മാനേജരോട് സംസാരിച്ചതിന് കഴിഞ്ഞ മാസം തന്നെ പിരിച്ചുവിട്ടെന്ന് കമ്പനിയുടെ ഡ്രോണ്‍ പ്രൊജക്ട് മാനേജരായിരുന്ന ചെഡ്ഡി സ്കീറ്റ് വെളിപ്പെടുത്തിയത്.
മുഴുവന്‍ ടീമും ഇല്ലാതെയും മതിയായ ഉപകരണമില്ലാതെയും പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും ആമസോണിലെ മുന്‍ ഡ്രോണ്‍ ഫ്ളൈറ്റ് അസിസ്റ്റന്റായ ഡേവിഡ് ജോണ്സണ് പറഞ്ഞു. പരീക്ഷണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി വളരെ ചുരുങ്ങിയ സമയംമാത്രമേ കമ്പനി ആളുകള്‍ക്ക് നല്‍കുന്നുള്ളൂ എന്നും ഡേവിഡ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം കമ്പനി നിഷേധിക്കുന്നുണ്ട്.
2013 ല്‍ പ്രഖ്യാപനം നടന്ന ഈ പദ്ധതി മുമ്പ് പ്രഖ്യാപിച്ച സമയപരിധിയില്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ 2022-ലെങ്കിലും ആ സംവിധാനം പ്രയോജനപ്പെടുത്താനാകുമായിരുന്നു.
ആമസോണ്‍ മാത്രമല്ല വാള്‍മാര്‍ട്ട്, ഗൂഗിള്‍ വിങ്, യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് പോലുള്ള കമ്പനികള്‍ക്കും സ്വന്തം ഡ്രോണ്‍ പദ്ധതികളുണ്ട്. എല്ലാം വിവിധ ഘട്ടങ്ങളില്‍ എത്തി നില്‍ക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..