സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വിലസിയിരുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ആമസോണും കടന്നുവരുന്നു. ഉബര്‍ ഈറ്റ്‌സ് ഇന്ത്യന്‍ വിപണി വിടുകയും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികള്‍ പ്രതിസന്ധി നേരിടുകയും  ചെയ്ത സാഹചര്യത്തിലാണ് ആമസോണിന്റെ വരവ്. 

ആമസോണ്‍ ഫുഡ് എന്ന പേരിലുള്ള ഭക്ഷണ വിതരണ സേവനത്തിനായി ഇന്ത്യയില്‍ 650 കോടി ഡേളറാണ് ആമസോണ്‍ നിക്ഷേപിച്ചിരിക്കുന്നത്. ബംഗളുരുവിലെ ചില മേഖലകളിലാണ് സേവനം ആരംഭിച്ചത്. 

കഴിഞ്ഞ വര്‍ഷം തന്നെ ആമസോണ്‍ ഫുഡ് സേവനത്തിന് രാജ്യത്ത് തുടക്കമിടാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഈവര്‍ഷം മാര്‍ച്ചിലേക്ക് നീട്ടിവെച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത് വീണ്ടും വൈകി. 

ഈ വര്‍ഷം ആദ്യം തന്നെ ബംഗളുരുവിലെ ചില റസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ വിതരണം ആമസോണ്‍ ഫുഡ് പരീക്ഷാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. അതേസമയം രാജ്യ വ്യാപകമായി എന്ന് മുതല്‍ സേവനം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ആളുകള്‍ വീടുകളില്‍ തന്നെയിരിക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനത്തിന് നേട്ടമുണ്ടാക്കാനാകുമെന്ന് ആമസോണ്‍ കണക്കുകൂട്ടുന്നു. ആളുകള്‍ ഹോട്ടലുകളിലേക്ക് എത്താത്ത സാഹചര്യത്തില്‍ പ്രാദേശിക ഹോട്ടല്‍ വ്യവസായങ്ങള്‍ക്കും ഇത് സഹായകമാവുമെന്ന് ആമസോണ്‍ പറയുന്നു. 

സ്വിഗ്ഗി, സോമാറ്റോ എന്നിവരെ കൂടാതെ ഗൂഗിളിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഡുന്‍സോയും ബംഗളുരുവില്‍ ആമസോണ്‍ ഫുഡിന് എതിരാളികളാവും. 

അതേസമയം സ്വിഗ്ഗിയും സൊമാറ്റോയും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. സ്വിഗ്ഗി 2100 ഓളം ജീവനക്കാരേയും സൊമാറ്റോ 520 ജീവനക്കാരേയും ഒഴിവാക്കുന്ന സാഹചര്യവും ഉണ്ടായി. അതേസമയം ഇരു കമ്പനികളും റാഞ്ചിയില്‍ മദ്യവിതരണവും ആരംഭിച്ചിട്ടുണ്ട്. 

Content Highlights:  Amazon Food delivery service kicks off in India