കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഓണ്‍ലൈന്‍ വില്‍പനയും താളംതെറ്റി. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ കേരളത്തില്‍ അവശ്യ സാധനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോളും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിര്‍ത്തിവെച്ചതായാണ് വിവരം. ആമസോണിന്റെ വെബ്‌സൈറ്റില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടിലും കേരളത്തിലെ മിക്കയിടങ്ങളിലും വിതരണമില്ല എന്നാണ് പറയുന്നത്.

അതേമയം, കേരളത്തിലെ പ്രവചനാതീതമായ കോവിഡ് നിയന്ത്രണ സാഹചര്യങ്ങളാണ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ ബാധിച്ചതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കടകള്‍ തുറക്കാനും പുറത്തിറങ്ങാനും മറ്റുമായി സര്‍ക്കാര്‍ പുറത്തിറക്കുന്ന ഉത്തരവുകള്‍ അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്.

കേരളത്തിലെ കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുന്‍പില്‍ ആമസോണ്‍ മുട്ടു മടക്കി പിന്‍വാങ്ങിയത് എന്ന വിമർശനം ഉന്നയിക്കുകയാണ് വോഡഫോണ്‍ ഇന്ത്യ, നിസാന്‍ പോലുള്ള സ്ഥാപനങ്ങളില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ള ടോണി തോമസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :-

"ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനികളില്‍ ഒന്നാണ് ആമസോണ്‍.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഡ്രോണ്‍ ടെക്‌നോളജി, ഇന്റലിജന്റ് സപ്ലൈ ചെയിന്‍, റോബോട്ടിക്‌സ്, ഡ്രൈവര്‍ലെസ്സ് കാറുകള്‍, ഹ്യൂമന്‍ലെസ്സ് ഡെലിവറി, തുടങ്ങിയവയില്‍ എല്ലാം ആമസോണ്‍ അതി വിദഗ്ധരാണ്.  എന്തിന് ലോകത്തെ പല കമ്പനികളും, സര്‍ക്കാരുകളും ഉപയോഗിക്കുന്ന ക്ലൗഡ് പോലും ആമസോണിന്റെയാണ്.  ഇതിന്റെ ബലത്തില്‍ ലോകത്ത് എവിടെയും, എന്തും എത്തിക്കാന്‍ ആമസോണിനു കഴിയും.  പക്ഷെ കേരളത്തിലെ കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുന്‍പില്‍ ആമസോണ്‍ മുട്ടു മടക്കി പിന്‍വാങ്ങി.

ഇന്നു തുറക്കും, നാളെ അടയ്ക്കും, മറ്റന്നാള്‍ പകുതി അടയ്ക്കും, ഒരു പഞ്ചായത്ത് ലോക്ക്ഡൗണ്‍, മറ്റേ പഞ്ചായത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, ചില ഇടത്തു ബാരിക്കേഡ്, മറ്റു ചിലേടത്തു ലാത്തിഅടി, ഒരു ദിവസം ഒറ്റ അക്കം, മറ്റൊരു ദിവസം ഇരട്ട അക്കം, ഒരു ദിവസം വര്‍ക്ക്‌ഷോപ്പ് തുറക്കും, വേറൊരു ദിവസം സ്‌പെയര്‍ പാര്‍ട്‌സ് കട തുറക്കും, ചില ഇടം 7 മണി, ചില ഇടം 2 മണി, റോഡിന്റെ ഒരു വശം D, മറ്റേ വശം A.. എന്തൊക്കെ പ്രഹസനങ്ങള്‍.. ഇതു മനസ്സിലാക്കാന്‍ ആമസോണിന്റെ സൂപ്പര്‍ കംപ്യൂട്ടര്‍ ഒന്നും പോരാ, അവരുടെ വിദ്യകള്‍ ഒന്നും പോരാ എന്നു മനസ്സിലാക്കി ആമസോണ്‍ ആയുധം വച്ച് കീഴടങ്ങി. കേരളത്തിലെ ഡെലിവറി നിര്‍ത്തി. 

കേരളാ കോവിഡ് പ്രഹസനത്തിന് മുന്‍പില്‍ ആമസോണ്‍ പോലും നിര്‍ബാധം കീഴടങ്ങിയ സ്ഥിതിക്ക്, പൂട്ടികെട്ടിയിട്ട നാട്ടുകാര്‍ക്ക് പുറത്തു പോവാതെ ഓണ്‍ലൈനായി അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കാതെ, ദ്രോഹിച്ചു രസിക്കുന്ന നമ്മുടെ അധികാരികള്‍ക്ക് മിനിമം ഒരു UN അവാര്‍ഡ് എങ്കിലും പ്രതീക്ഷിക്കാമോ?"