ആമസോൺ | Photo: AP
ആഗോളതലത്തില്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ആമസോണ്‍. 18000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയിലെ ആകെ ജീവനക്കാരില്‍ ഒരു ശതമാനം വരും. ആയിരക്കണക്കിന് ഇന്ത്യക്കാരേയും ആമസോണിന്റെ ഈ നീക്കം ബാധിച്ചിട്ടുണ്ട്.
തൊട്ടടുത്ത ദിവസം തന്നെ നേരില്‍ വന്ന് കാണണം എന്നറിയിച്ചുകൊണ്ടാണ് പിരിച്ചുവിടല്‍ നടപടി നേരിട്ട ജീവനക്കാര്‍ക്കെല്ലാം അവരുടെ സീനിയര്‍ മാനേജര്‍മാര്‍ ഇമെയില്‍ സന്ദേശം അയച്ചത്. എന്തിന് വേണ്ടിയാണ് വിളിപ്പിച്ചത് എന്ന് ഇമെയിലില്‍ വ്യക്തമാക്കിയിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള എസ്ഡി-1, എസ്ഡി-2 ലെവല്‍ ജീവനക്കാരെയും സീനിയര്‍ മാനേജ്മെന്റ് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. ഇതില്‍ പലര്‍ക്കും മറ്റിടങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.
വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്തിരുന്നവര്‍ക്കും തൊട്ടടുത്ത ദിവസം തന്നെ മാനേജര്‍മാരെ കാണാന്‍ ആവശ്യപ്പെട്ട് സന്ദേശം എത്തിയിരുന്നു. പലരും ജോലി ചെയ്ത സ്ഥലത്തു നിന്ന് വിമാനത്തിലും മറ്റുമായി ഓഫീസിലെത്തിയപ്പോഴാണ് പിരിച്ചുവിടപ്പെട്ടതായി അറിഞ്ഞത്. ഇങ്ങനെ യാത്ര ചെയ്ത് എത്തിയവര്‍ക്ക് വിമാനയാത്രയ്ക്കും താമസത്തിനുമായി ചിലവായ തുക തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പിരിച്ചുവിടല്‍ നടപടി എങ്ങനെ ആയിരിക്കുമെന്നും എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നുമെല്ലാം വിശദീകരിച്ചുകൊണ്ടായിരുന്നു മാനേജര്‍മാരുമായുള്ള കൂടിക്കാഴ്ച. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിക്കാന്‍ നാല് മണിക്കൂര്‍ നേരം അധിക സമയം നല്‍കുകയും ചെയ്തു. അഞ്ച് മാസത്തെ ശമ്പളം പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം.
എങ്കിലും താരതമ്യേന സുഗമമായ പിരിച്ചുവിടല്‍ നടപടിയാണ് ആമസോണ്‍ സ്വീകരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്വിറ്റര്‍ ജീവനക്കാരെ കാര്യമായ മുന്നറിയിപ്പ് നല്‍കാതെ പിരിച്ചുവിടുകയും കമ്പനി നെറ്റ് വര്‍ക്കില്‍ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. പിരിച്ചുവിടപ്പെട്ടവര്‍ക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ പലര്‍ക്കും ലഭിച്ചിട്ടില്ല. ആഗോള തലത്തില്‍ ആമസോണ്‍, ട്വിറ്റര്‍, മെറ്റ, മൈക്രോസോഫ്റ്റ് ഉള്‍പടെ വിവിധ കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Content Highlights: amazon employees, work from home, mass layoffs
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..