ക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആമസോണ്‍ പുതിയ എക്കോ ഉപകരണങ്ങള്‍ പുറത്തിറക്കിയത്. എക്കോ സ്പീക്കറുകള്‍ക്കൊപ്പ, ഫയര്‍ ടിവി സ്റ്റിക്ക്, ഫ്‌ളൈയിങ് സെക്യൂരിറ്റി ക്യാമറ, റിങ് കാര്‍ അലാറം പോലുള്ള ഉല്‍പ്പന്നങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ എക്കോ ഡോട്ട്  സ്പീക്കറുകളും ഫയര്‍ ടിവി സ്റ്റിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

എക്കോ ഡോട്ടിന് 4499 രൂപയാണ് വില. സമയം കാണിക്കുന്ന എക്കോ ഡോട്ടിന് 5499 രൂപയാണ് വില. അതേസമയം വലിയ എക്കോ സ്പീക്കറിന് 9999 രൂപയാണ് വില. 

എക്കോ ഡോട്ട് സ്പീക്കറുകള്‍ക്കായി ആമസോണില്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമേ എക്കോ ഡോട്ട് വിതരണം ചെയ്ത് തുടങ്ങൂ.

എക്കോ, എക്കോ ഡോട്ട്  സവിശേഷതകള്‍

ഇതുവരെ കാണാത്ത വിധത്തിലുള്ള രൂപകല്‍പനയാണ് എക്കോ, എക്കോ ഡോട്ട്  സ്പീക്കറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഗോളാകൃതിയിലുള്ള രൂപകല്‍പനയില്‍ ഫാബ്രിക് ഫിനിഷ് നല്‍കിയിരിക്കുന്നു. താഴെയായി എല്‍ഇഡി ലൈറ്റ് റിങ് നല്‍കിയിട്ടുണ്ട്. 

എക്കോ, എക്കോ ഡോട്ട് ക്ലോക്ക്, എക്കോ ഡോട്ട് കിഡ്‌സ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പതിപ്പുകളാണ് ഇതിനുള്ളത്. 

ഇതില്‍ വിലകൂടിയ എക്കോ സ്പീക്കറിന് 3.0 ഇഞ്ച് വൂഫര്‍, ഡ്യുവല്‍ ഫയറിങ് ട്വീറ്ററുകള്‍ എന്നിവയുണ്ട്. ഇതിലെ ഡോള്‍ബി പ്രൊസസിങ് സംവിധാനം വ്യക്തതയുള്ളതും ബേസിലുള്ളതുമായ മികച്ച സ്റ്റീരിയോ ശബ്ദം പുറത്തുവിടുന്നു. ബ്ലൂടൂത്ത് ലോ എനര്‍ജി പിന്തുണയ്ക്കുന്ന സിഗ്ബീ സ്മാര്‍ട് ഹോം ഹബ്ബ് ഉള്‍പ്പെടുത്തിയാണ് എക്കോ സ്പീക്കര്‍ വരുന്നത്. 

കാഴ്ചയില്‍ എക്കോ സ്പീക്കറുകളെ പോലെ തന്നെയാണ് എക്കോ ഡോട്ട് സ്പീക്കറുകളും. എന്നാല്‍  വലിപ്പത്തില്‍ കുറവുണ്ട്. 1.6 ഇഞ്ച് ഫ്രണ്ട് ഫയറിങ് സ്പീക്കറാണ് ഇതിനുള്ളത്. ആമസോണിന്റെ ഒന്നാം തലമുറ എസെഡ് 1 ന്യൂറല്  എഡ്ജ് പ്രൊസസര്‍ ആണ് ഇതിന് ശക്തിപകരുന്നത്. 

Content Highlights: amazon echo echo speakers launched in india