മസോണ്‍ ക്ലൗഡ് സേവനത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് നിരവധി വെബ്‌സൈറ്റുകളുടേയും നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ്, റോബിന്‍ഹുഡ് ഉള്‍പ്പടെയുള്ള  പ്ലാറ്റ്‌ഫോമുകളുടേയും നിരവധി ആപ്പുകളുടേയും പ്രവര്‍ത്തനം താല്‍കാലികമായി തടസപ്പെട്ടു. ക്രിസ്തുമസിന് മുന്നോടിയായുള്ള വില്‍പന നടക്കുന്നതിനിടെ ആമസോണ്‍.കോം ഇ കൊമേഴ്‌സ് വെബ്‌സൈറ്റിന്റെയും പ്രവര്‍ത്തനം തടസം നേരിട്ടു. 

എന്നാല്‍ പല സേവനങ്ങളുടെയും പ്രവര്‍ത്തനം പുനഃസ്ഥാപിച്ചുവെന്നും മറ്റ് സേവനങ്ങളെല്ലാം പുനഃസ്ഥാപിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണെന്നും ആമസോണ്‍ അറിയിച്ചു. 

ആമസോണ്‍ റിങ് സെക്യൂരിറ്റി ക്യാമറകള്‍, മൊബൈല്‍ ബാങ്കിങ് ആപ്പ് ആയ ചൈം (Chime), വാക്വം ക്ലീനര്‍ റോബോട്ട് നിര്‍മാതാക്കളായ ഐറോബോട്ട് എന്നിവയെല്ലാം ആമസോണ്‍ വെബ് സര്‍വീസസ് ആണ് ഉപയോഗിച്ചിരുന്നത്. 

ട്രേഡിങ് ആപ്ലിക്കേഷനായ റോബിന്‍ഹുഡ്, വാള്‍ട് ഡിസ്‌നിയുടെ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ലസ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയിലും തടസം നേരിട്ടതായി ഡൗണ്‍ ഡിറ്റക്ടര്‍.കോം വ്യക്തമാക്കുന്നു. 

നെറ്റ്ഫ്‌ളിക്‌സിന്റെ ഭൂരിഭാഗം സേവനങ്ങളും ആമസോണ്‍ വെബ്‌സര്‍വീസസിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സേവനത്തില്‍ തടസം നേരിട്ടതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ 26 ശതമാനം ട്രാഫിക് നഷ്ടപ്പെട്ടുവെന്ന് അനലറ്റിക്‌സ് സ്ഥാപനമായ കെന്റികിലെ ഇന്റര്‍നെറ്റ് അനാലിസിസ് മേധാവി ഡഗ് മഡോറി പറഞ്ഞു. 

ആപ്ലിക്കേഷന്‍ ഇന്റര്‍ഫെയ്‌സ് പ്രോഗ്രാമുമായും നെറ്റ്‌വര്‍ക്ക് ഉപകരണങ്ങളുമായും ബന്ധപ്പെട്ടുള്ള തകരാറാണ് തടസം നേരിടുന്നതിനിടയാക്കിയത് എന്ന് ആമസോണ്‍ പറഞ്ഞു. 

ആമസോണ്‍ തകരാറുമായി ബന്ധപ്പെട്ട് 24000 സംഭവങ്ങള്‍ ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ കാണിച്ചു. ചൊവ്വാഴ്ച രാവിലെ 10.40 മുതലാണ് ആളുകള്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്.

കഴിഞ്ഞ 12 മാസത്തിനിടയ്ക്ക് 27 തവണ ആമസോണ്‍ വെബ്‌സര്‍വീസസില്‍ തടസം നേരിട്ടുവെന്ന് വെബ് ടൂള്‍ റിവ്യൂവിങ് വെബ്‌സൈറ്റായ ടൂള്‍ടെസ്റ്റര്‍ പറഞ്ഞു. 

Content Highlights: Amazon cloud outage hits major websites, streaming apps