മസോണ്‍ സ്ഥാപകനും സിഇഓയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാവുന്നു. 25 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് വിവാഹമോചനം. ബുധനാഴ്ച ട്വിറ്ററിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഏറെ നാളത്തെ സ്‌നേഹബന്ധത്തിനൊടുവില്‍, ഏറെനാള്‍ അകന്നു നിന്നതിന് ശേഷം,  തങ്ങള്‍ വിവാഹമോചിതരാവാനും തുടര്‍ന്നങ്ങോട്ട് സുഹൃത്തുക്കളായി ജീവിക്കാനും തീരുമാനിച്ചുവെന്ന് ട്വിറ്ററില്‍ പങ്കുവെച്ച സംയുക്തപ്രസ്താവനയില്‍ ഇരുവരും പറഞ്ഞു. 

54 കാരനായ ജെഫ് ബോസോസ് ആണ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമിട്ടത്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് അദ്ദേഹം. 

48 കാരിയായ മാക്കെന്‍സി ഒരു നോവലിസ്റ്റ് ആണ്. 2005 ല്‍ പുറത്തിറങ്ങിയ ദി ടെസ്റ്റിങ് ഓഫ് ലൂതര്‍ ആല്‍ബ്രൈറ്റ് 2013 ല്‍ പുറത്തിറങ്ങിയ ട്രാപ്‌സ് എന്നിവ മാക്കെന്‍സിയുടെ കൃതികളാണ്.

ഞങ്ങള്‍ ഇരുവരും പരസ്പരം കണ്ടെത്തിയത് ഒരു ഭാഗ്യമാണ്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഒരോ വര്‍ഷവും ഏറെ ആഹ്ലാദകരമായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അന്ന് ചെയ്തതെല്ലാം ഒന്നുകൂടി ചെയ്യുമായിരുന്നു. ദമ്പതികളായി മികച്ച ജീവിതമായിരുന്നു ഞങ്ങളുടേത്. 

മാതാപിതാക്കളായും, സുഹൃത്തുക്കളായും, സംരംഭങ്ങളില്‍ പങ്കാളികളായും, ഇരുവരും പരസ്പരം നല്ലൊരു ഭാവി മുന്നില്‍ കാണുന്നു. തങ്ങള്‍ ഒരു കുടുംബമായി തുടരുമെന്നും സുഹൃത്തുക്കളായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇരുവര്‍ക്കും നാല് കുട്ടികളാണുള്ളത്. ഒരാളെ ദത്തെടുത്തതാണ്. 

Content Highlights: Amazon ceo Jeff Bezos world's richest man and wife MacKenzie divorce